അതിജീവനത്തിനായി ആടുജീവിതം നയിച്ച അമ്മയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും കരുതലായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ തൊണ്ണൂറ്റിയൊന്നുകാരിയുടെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ സാമ്പത്തികമായി സഹായിച്ചത്. മലയാള മനോരമ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
ചോരുന്ന കൂരയ്ക്ക് താഴെ കഴിയുന്ന മൂന്നുപേര്‍. പെരുമഴയത്ത് വീട്ടിലേക്കെത്തിയ ഗവര്‍ണര്‍ സിവി ആനന്ദബോസ് കുടുംബത്തിന്‍റെ ദുരിതം നേരിട്ടറിഞ്ഞു. പേരൂർ ചെറുവാണ്ടൂർ ചാമക്കാലയിൽ 91 വയസുളള ഭവാനി, മക്കളായ 73 വയസുളള സരസമ്മ, 56 വയസുളള ഉഷ എന്നിവര്‍ക്കാണ് ഗവര്‍ണര്‍ സിവി ആനന്ദബോസ് താങ്ങായത്. ആടുകളെ വളര്‍ത്തി ജീവിക്കുന്ന കുടുംബം. ഭവാനി കിടപ്പിലാണ്. അവിവാഹിതരായ സരസമ്മയും ഉഷയും. ഇവരുടെ ബുദ്ധിമുട്ട് മലയാള മനോരമ വാര്‍ത്തയിലൂടെയാണ് ഗവര്‍ണര്‍ സിവി ആനന്ദബോസ് അറിഞ്ഞത്. എല്ലാം നേരിട്ടുമനസിലാക്കിയ ഗവര്‍ണര്‍ സഹായം ഉറപ്പാക്കി.
പതിമൂന്നു സെന്റ് സ്ഥലത്തെ ചെറിയവീടിനൊപ്പമാണ് ആടുകളെ വളര്‍ത്തുന്നത്. ചോര്‍ച്ചയുളള വീടിന്‍റെ അറ്റകുറ്റപ്പണിക്ക് നഗരസഭയില്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.