പി.വി.അന്‍വറിന്‍റേത് അടഞ്ഞ അധ്യായമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള ആളുകളുമായി കോണ്‍ഗ്രസ് ആശയവിനിമയം നടത്തിയെന്നും ലീഗിന് ഇക്കാര്യത്തില്‍ ഒരു അസംതൃപ്തിയും ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ വോട്ടുനഷ്ടപ്പെടാന്‍ പോകുന്നത് എല്‍ഡിഎഫിനാണെന്നും അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. വി.ഡി. സതീശനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More: രാഹുല്‍–അന്‍വര്‍ കൂടിക്കാഴ്ചയില്‍ കൈപൊള്ളി കോണ്‍ഗ്രസ്
യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ പാടില്ലാത്ത പലതും അന്‍വര്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെന്ന സാമാന്യ മര്യാദ പോലുംകാണിച്ചില്ല. അതും മറികടന്ന് സംസാരിച്ചു. അത് തിരിച്ചെടുക്കാന്‍ പറ്റുമോ? അന്‍വറുമായി ഇനി ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹത്തിന് യുഡിഎഫുമായി സഹകരിക്കണമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് വരട്ടെയെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു. മല്‍സരിക്കാന്‍ പല മേഖലയില്‍നിന്ന് പണം വരുന്നു എന്ന് അന്‍വര്‍ പറയുന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read: മുഖ്യമന്ത്രി വീണ്ടും നിലമ്പൂരിലേക്ക്; ഏഴിടങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗം
അതേസമയം, മുസ്ലിം ലീഗ് യുഡിഎഫ് തീരുമാനത്തിനൊപ്പമാണെന്നും അന്‍വര്‍ ഇല്ലാതെയാണ് യുഡിഎഫ് കഴിഞ്ഞ തവണ മല്‍സരിച്ചതെന്നും എം.കെ.മുനീര്‍ പറഞ്ഞു. ഇത്തവണയും മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുമെന്നും മുനീര്‍ വ്യക്തമാക്കി.
അതിനിടെ മുന്‍ ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശിന്‍റെ വീട് സന്ദര്‍ശിക്കാനൊരുങ്ങി പി.വി.അന്‍വര്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷമാകും പ്രകാശിന്‍റെ വീട്ടിലെത്തുക. 2021ല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു അന്തരിച്ച പ്രകാശ് . അന്‍വറിന് പുറമെ ഇടതു സ്ഥാനാർഥി എം സ്വരാജും ബിജെപി സ്ഥാനാർഥി മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശപ്രത്രിക സമർപ്പിക്കും. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽനിന്ന് പ്രകടനമായെത്തി രാവിലെ 11.30നാണ് സ്വരാജ് പത്രിക നൽകുക. ഉച്ചയ്ക്ക് 1.30 ന് നിലമ്പൂർ തഹസിൽദാർ എം.പി.സിന്ധു മുൻപാകെ മോഹൻ ജോർജ് നാമനിർദേശപത്രിക സമർപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള പ്രധാന നേതാക്കളും നിലമ്പൂരിലേക്ക് എത്തിയിട്ടുണ്ട്.