പി.വി. അൻവർ രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി കൂടികാഴ്ചയിൽ കൈപൊള്ളി കോൺഗ്രസ്. അൻവറുമായുള്ള ചർച്ചകള്‍ അവസാനിച്ചെന്ന് പ്രഖ്യാപിച്ച ശേഷമുള്ള കൂടിക്കാഴ്ച തെറ്റാണെന്ന് വി.ഡി. സതീശൻ തുറന്നടിച്ചു. ആദ്യം കൂടിക്കാഴ്ചയെ ന്യായീകരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ തെറ്റാണെന്ന് പിന്നീട് സമ്മതിച്ചു.
പി.വി. അൻവർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് വാതിൽ അടയ്ക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്. അതിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രി കൂടിക്കാഴ്ചയ്ക്കായി അൻവറിന്റെ വീട്ടിലേക്ക് ചെന്നത്. കിട്ടിയ ആയുധം സിപിഎം പ്രയോജനപ്പെടുത്തിയപ്പോൾ സ്വന്തം നീക്കത്തെ രാഹുൽ ആദ്യം പ്രതിരോധിച്ചു.
എന്നാൽ, ലക്ഷ്മണരേഖ കടന്ന രാഹുലിനെ കോൺഗ്രസിന് പരിചിതമല്ലാത്ത അസാധാരണ രീതിയിൽ സതീശൻ നേരിട്ടു. നടപടിയെ തള്ളിയ കെപിസിസി പ്രസിഡന്റ് വിശദീകരണം നേടുന്നത് ആലോചിക്കുമെന്ന് കൂടി പറഞ്ഞുവച്ചു. അടൂർ പ്രകാശും കെ മുരളീധരനും കൂടിക്കാഴ്ച വിവാദത്തിൽ ഡാമേജ് കൺട്രോളിന് ശ്രമിച്ചു. നേതൃത്വത്തിന്റെ പരസ്യ ശാസന അംഗീകരിക്കുന്നുവെന്ന് ഒടുവിൽ രാഹുൽ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടം- പി.വി.അൻവൻ പാതിര കൂടിക്കാഴ്ച്ച നിലമ്പൂരിൽ മൂർച്ചയുള്ള പ്രചാരണ ആയുധമാക്കി ഇടതുമുന്നണി. കുടിക്കാഴ്ചയെ ഡിവൈഎഫ്‌ഐ പരിഹസിച്ചപ്പോൾ, അൻവറിനെ കാണാൻ യുഡിഎഫ് നേതാക്കൾ ക്യൂ നിൽക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. രാഹുലിനെ യുഡിഎഫ് നേതൃത്വം തള്ളിയെങ്കിലും, കൂടിക്കാഴ്ച നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്ന പ്രചാരണമാണ് എല്‍ഡിഎഫ് തൊടുത്തു വിടുന്നത്.
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ യുഡിഎഫ് തന്നെ സൃഷ്ടിച്ചു വിടുമ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് നിലമ്പൂരിൽ ഇടത് മുന്നണി. അൻവറിനെ അനുനയിപ്പിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, അൻവറിന്റെ വീട്ടിൽ അർധരാത്രി നടത്തിയ സന്ദർശനത്തെ പരിഹസിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രംഗത്തെത്തി.
പരാജയ ഭീതിയിൽ വെപ്രാളത്തിലായതിനാൽ, കാലു പിടിക്കാനാണ് രാഹുൽ അൻവറിനെ കണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. പാതിരാത്രിയിൽ രാഹുൽ വേഷംമാറിപ്പോയത് വി.ഡി. സതീശന്റെ ഏജന്റായാണെന്നും, മാപ്പ് അറിയിക്കാനാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ് പറഞ്ഞു.
എതിർപ്പാളയത്തിൽ നിന്നുയരുന്ന പിഴവുകളെല്ലാം തങ്ങൾക്കനുകൂലമാക്കിയെടുക്കുകയാണ് നിലമ്പൂരിൽ സിപിഎം. അൻവർ ഫാക്ടർ പൂർണമായവഗണിച്ച് ചലനാത്മകമായ സംഘടനാ സംവിധാനത്തിൽ ശ്രദ്ധിച്ച് പ്രവർത്തനങ്ങളിൽ നിറയുന്ന ഇടതിന്റെ ലക്ഷ്യം സീറ്റ് നിലനിർത്തുക എന്നത് തന്നെ.