Untitled design - 1

സഖാവ് ജി. സുധാകരേട്ടനെപോലെ പരിണിതപ്രജ്ഞരായ അനേകം നേതാക്കൾ പിണറായിസത്തിന്റെ ഭാഗമായി  അന്യവൽക്കരിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പിവി അന്‍വര്‍. അവരിൽ പലരുടെയും വേദനകൾ തനിക്ക് നേരിട്ടറിയാവുന്നതാണെന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ഒന്നരവർഷം മുമ്പ് ഞാൻ സൂചിപ്പിച്ച കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടിക്കുള്ളിൽ നടക്കുന്ന ഈ വർഗ്ഗ സമരത്തെ കുറിച്ചായിരുന്നു.

അടിച്ചമർത്തലുകൾക്കും അടക്കിപ്പിടിക്കലുകൾക്കും ശേഷം സഖാക്കൾ ഓരോരുത്തരായി തുറന്നു പറയുകയാണ്. ഞങ്ങൾക്ക് ഭയമില്ല എന്ന് പ്രഖ്യാപിക്കുകയാണ്. 

ഇടതുപക്ഷ പ്രസ്ഥാനത്തിനേറ്റ ഈ അപചയത്തെ നേതൃത്വത്തെക്കാൾ മനസ്സിലാക്കിയവർ അണികളായ സഖാക്കളാണ്. പാർട്ടിയിലെ ഏകാധിപത്യ പ്രവണതകളോട് ഏറ്റവും വൈകാരികമായി പ്രതികരിക്കാൻ പോകുന്നതും അവരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, വോട്ടെടുപ്പിന്റെ ദിവസത്തിനായി അവരും കാത്തിരിപ്പാണ്'. – അന്‍വര്‍ വ്യക്തമാക്കുന്നു. 

സി.പി.എമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. എം.വി. ഗോവിന്ദന്‍ അധിക്ഷേപിച്ച കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഗൗനിക്കാത്തതില്‍ കടുത്ത അമര്‍ഷം സുധാകരനുണ്ട്. അഞ്ചുവര്‍ഷം മുമ്പ് തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തപ്പോള്‍ തുടങ്ങിയ സുധാകരന്‍റെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്. 

സി.പി.എമ്മില്‍ നിന്ന് പുറത്തുപോയാല്‍ ജി.സുധാകരന്‍റെ രാഷ്ട്രീയഭാവിയെന്ത്? ഈ ചോദ്യം നല്‍കുന്ന രാഷ്ട്രീയ സാധ്യതകളിലാണ് കോണ്‍ഗ്രസിന്‍റെ കണ്ണ്. 1977ല്‍ കെ.എസ്.യു, ഡി.എസ്.യു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് രക്തസാക്ഷിയായ ജി. ഭുവനേശ്വരന്‍റെ സഹോദരന്‍ കൂടിയായ ജി. സുധാകരന് സ്വീകാര്യമാകുന്ന വഴിയാണ് കോണ്‍ഗ്രസ് തേടുന്നത്. അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന സാധ്യത കോണ്‍ഗ്രസിന് മുന്നിലുണ്ട്. 

ENGLISH SUMMARY:

PV Anvar highlights how veteran leaders like G Sudhakaran are marginalized within Pinarayi Vijayan's politics, expressing that many such leaders are feeling alienated. He notes that the party's rank and file understand the decline of the left movement better than the leadership and are emotionally reacting to authoritarian tendencies.