• രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലം
  • എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് ടി.പി.രാമകൃഷ്ണന്‍
  • എം.സ്വരാജ് ഇന്ന് നാമനിർദേശ പത്രിക നൽകും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കാരണം പി.വി.അന്‍വറിന്‍റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. അന്‍വറുമായി ഒരു ബന്ധത്തിനുമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ഇടതുമുന്നണിയുടെ ജയം ഉറപ്പാണെന്നും ജനവിധി നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. 

അതിനിടെ, നിലമ്പൂർ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ഇന്ന് നാമനിർദേശ പത്രിക നൽകും. സിപിഎം നിലമ്പൂർ ഏരിയ കമ്മറ്റി ഓഫിസിൽ നിന്ന് കാൽ നടയായാകും സ്വരാജ് പത്രിക സമർപ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കൾ സ്വരാജിനെ അനുഗമിക്കും. തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയായി പി.വി.അൻവറും ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ 09:30ന് ചന്തക്കുന്ന് ബസ്  സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ്  താലൂക്ക് ഓഫീസിൽ 10  മണിയോടെ  നാമനിർദേശ പത്രിക സമർപ്പിക്കുക. പത്രിക സമർപ്പണത്തിന് ശേഷം അൻവർ പ്രചാരണങ്ങളിലേക്ക് കടക്കും. Also Read: പിണറായി,സ്വരാജ്,സതീശന്‍,ഷൗക്കത്ത്; അന്‍വറിന്‍റെ പുതിയ നെക്സസ്

യു‍ഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവും കെ.പി.സി.സി.പ്രസിഡന്റും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി. Read More: സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ” രീതിയിൽ ഉപയോഗിക്കാന്‍ പിണറായിക്കറിയാം; പിവി അന്‍വര്‍

രണ്ട്കേരള കോൺഗ്രസുകളിലും പ്രവർത്തിച്ച ശേഷമാണ് നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയാവുന്നതെന്ന് മോഹൻ ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. വളരുംതോറും പിളരുന്ന പാർട്ടിയായതുകൊണ്ടാണ് ഇടക്കിടെ പുതിയ പാർട്ടിയിലേക്ക് മാറേണ്ടി വന്നത്. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച സ്റ്റീഫൻ ജോർജ് പലവട്ടം പാർട്ടി മാറിയവരാണെന്നും മോഹന്‍ ജോര്‍ജ് ആരോപിച്ചു.

ENGLISH SUMMARY:

LDF convener T.P. Ramakrishnan says Anwar's betrayal led to the Nilambur by-election, denying any ties with him. M. Swaraj to file nomination as LDF candidate, while UDF and TMC candidates also begin campaigns. Political heat rises in Nilambur.