നിലമ്പൂരിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വി.ഡി.സതീശനെയും ആര്യാടൻ ഷൗക്കത്തിനെയും കടന്നാക്രമിച്ച് പി.വി.അൻവർ. കോൺഗ്രസിലെ ഹിറ്റ്ലറാണ് വി.ഡി.സതീശനെന്ന് പറഞ്ഞ അൻവർ വ്യാപാരികളുടെ കോളറിൽ പിടിച്ച് പണപ്പിരിവ് നടത്തുന്ന ആളാണ് ആര്യാടൻ ഷൗക്കത്തെന്നും ആരോപിച്ചു. പിണറായി വിജയൻ - വി.ഡി. സതീശൻ നെക്സസിനെതിരെയുള്ള പോരാട്ടമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അൻവർ വ്യക്തമാക്കി.
പിണറായിസത്തിനെതിരെ ശബ്ദിച്ചിരുന്ന അൻവർ റൂട്ട് മാറ്റുന്നു. പിണറായി വിജയൻ, എം. സ്വരാജ്, വി.ഡി. സതീശൻ, ആര്യാടൻ ഷൗക്കത്ത്. ഇതാണ് അൻവർ പറയുന്ന പുതിയ നെക്സസ്. പോരാട്ടം രണ്ടു മുന്നണികൾക്കെതിരെയാണെന്നും പ്രഖ്യാപിച്ചു. സ്വരാജിന്‍റെ സ്ഥാനാർഥിത്വം ഉണ്ടായതും യുഡിഎഫിൽ സതീശൻ കാരണം ടിഎംസിയുടെ പ്രവേശനം നടക്കാതെ ഇരുന്നതിന്‍റെയും കാരണം അൻവർ വിശദീകരിക്കുന്നുണ്ട്. വി.ഡി. സതീശന്‍റെ കാലു നക്കാൻ ഇല്ലെന്ന് പറയുന്ന അൻവർ പോരാടി മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെയെന്നും പറഞ്ഞപ്പോൾ വികാരാധീനായി.
വി ഡി സതീശനെയും ആര്യാടൻ ഷൗക്കത്തിനെയും കടന്നാക്രമിക്കുമ്പോഴും യു ഡി എഫിലെ മറ്റൊരു നേതാവിനെയും അൻവർ തൊടുന്നില്ല. ഭാവിയിലെ യു ഡി എഫ് പ്രവേശന സാധ്യതയും അടച്ചില്ല.