• 'തല്‍ക്കാലം അസോഷ്യേറ്റ് അംഗമാക്കാം'
  • 'സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണം'
  • അംഗീകരിക്കില്ലെന്ന് അന്‍വര്‍

തൃണമൂല്‍ നേതാവ് പി.വി.അന്‍വറിനെ ഘടക കക്ഷിയാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ്. തല്‍ക്കാലം അസോഷ്യേറ്റ് അംഗത്വം നല്‍കാം. ഈ ഘട്ടത്തില്‍ ഘടക കക്ഷിയാക്കുന്നതിനോട് എഐസിസിക്ക് വിയോജിപ്പുണ്ടെന്നും യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടെടുത്തു. സ്ഥാനാര്‍ഥിക്കെതിരായ നിലപാട് തിരുത്തി അന്‍വര്‍ പിന്തുണ പ്രഖ്യാപിക്കണമെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. അന്‍വര്‍ ഇത് അംഗീകരിച്ച് നിലപാട് പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തീരുമാനമെന്നും ധാരണയായി. മുന്നണി യോഗത്തിലെടുത്ത തീരുമാനം അടൂര്‍ പ്രകാശ് പി.വി.അന്‍വറിനെ അറിയിക്കും. അതേസമയം അന്‍വറിന്‍റെ ഭീഷണിക്കെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്ക് യുഡിഎഫ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തി

എന്നാല്‍ അസോഷ്യേറ്റ് അംഗമാക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം തള്ളുന്നതായി പി.വി.അന്‍വര്‍. ഘടകകക്ഷിയാക്കിയാല്‍ ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അന്‍വര്‍ നിലപാട് വ്യക്തമാക്കി. സ്ഥാനാര്‍ഥിക്കെതിരായ പി.വി.അന്‍വറിന്‍റെ പരാമര്‍ശം പിന്‍വലിക്കണമെന്ന നിലപാടില്ലെന്ന് യുഡിഎഫ് യോഗത്തിന് മുന്‍പ് ലീഗ് നേതാവ് കെ.എം.ഷാജി പ്രതികരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കല്ല, വിഷയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ളയാളാണ്. തിരഞ്ഞെടുപ്പിലുള്ളത് അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളാണെന്നും ഷാജി വ്യക്തമാക്കി. പി.വി.അന്‍വര്‍ കൂടെ വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും  എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ അന്‍വര്‍ കാണിച്ചതുപോലും രാഷ്ട്രീയ മാന്യതയും മരാദ്യയുമാണെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

The Congress party has stated it cannot make Trinamool leader P.V. Anvar an ally, offering only associate membership for now. The UDF meeting decided Anvar must withdraw remarks against their candidate and declare support.