നിലമ്പൂരിൽ സിപിഎം സ്ഥാനാർഥിയായി ഡോ. ഷിനാസ് ബാബുവിന്റെ പേര് മുഖ്യപരിഗണനയിൽ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണെങ്കിൽ എം. സ്വരാജിനെ മൽസരിപ്പിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇടതു സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.
നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടാണ് ഡോ.ഷിനാസ് ബാബു. നിലമ്പൂരിനടുത്ത് വടപുറം സ്വദേശിയാണ്. ഷിനാസ് ബാബുവിന്റെ ജനകീയ പ്രതിച്ഛായയും യുഡിഎഫ് ബന്ധമുള്ള കുടുംബപശ്ചാത്തലവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. പ്രൊഫ. തോമസ് മാത്യുവിന്‍റെ പേരും സിപിഎം നേതൃത്വം ചർച്ച ചെയ്തിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണെങ്കിൽ എം സ്വരാജ് മൽസരിക്കട്ടെ എന്ന വികാരം നേതൃത്വത്തിനുള്ളിൽ ശക്തമാണ്.
നിലമ്പൂർ നഗരസഭ ചെയർമാനും ഏരിയാ കമ്മിറ്റി അംഗവുമായ മാട്ടുമ്മൽ സലിം, ജില്ലാ പഞ്ചായത്ത് അംഗവും എടക്കര ഏരിയ കമ്മിറ്റി അംഗവുമായ ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പി ഷബീർ തുടങ്ങിയ പേരുകളും സിപിഎം പരിഗണിക്കുന്നുണ്ട്. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് നിലമ്പൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.