തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി സന്തോഷിക്കുന്നുണ്ടെന്ന് ഇടത് എംപി ജോണ്‍ ബ്രിട്ടാസ്. ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജനഹിതം മനസ്സിലാക്കി തിരുത്തൽ നടപടികളുമായി ഇടതുപക്ഷം മുന്നോട്ടു പോകും. എന്നാൽ തീവ്രപക്ഷങ്ങളെ കൂടെ നിർത്തി കോൺഗ്രസ് നടത്തുന്ന കസർത്ത് ആർഎസ്എസിനെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോൺഗ്രസും ആർഎസ്എസും.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമാണ്. കേരളത്തിൽ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകും.
കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ സംഖ്യ വാങ്ങി തിരഞ്ഞെടുപ്പുകൾ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലാണ് കോർപ്പറേറ്റുകൾ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നൽകുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി എന്നതിൽ തർക്കമില്ല. വിശദാംശങ്ങൾ പഠിച്ചു തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്. ഉറച്ച കോട്ടകള്‍ പലതും കൈവിട്ടു. അഞ്ചുകോര്‍പ്പറേഷനുകളില്‍ ഭരണം കയ്യാളിയിരുന്ന എല്‍ഡിഎഫിന് ഇക്കുറി നിലനിര്‍ത്താനായത് കോഴിക്കോട് മാത്രമാണ്. ഗ്രാമാ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍തോതില്‍ കൈവിട്ടതോടെ പാര്‍ട്ടി ആകെ പ്രതിരോധത്തിലാണ്.