കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍.ജെ.ഡിയെ സിപിഎം നേതാക്കള്‍ കാലുവാരി തോല്‍പിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് സിപിഎം. ജില്ലാ നേതൃത്വത്തിന്‍റെ ഉറപ്പ്. ഇതോടെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പങ്കെടുക്കാമെന്ന് ആര്‍ജെഡിയും സമ്മതിച്ചു. മല്‍സരിച്ച അഞ്ചിടത്തും ആര്‍ജെഡി തോറ്റിരുന്നു.
ആഴ്ച്ചവട്ടം, നടക്കാവ്, മൂന്നാലിങ്കല്‍, കാരപ്പറമ്പ്, മാവൂര്‍ റോഡ് . ഒരിടത്തും ആര്‍ജെഡി ജയിച്ചില്ല. സിപിഎം പ്രാദേശിക നേതാക്കളാണ് തോല്‍പിച്ചതെന്നാണ് ആര്‍ജെഡിയുടെ ആരോപണം. ഓരോ വാര്‍ഡുകളിലും സിപിഎം നേതാക്കള്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ആര്‍ജെഡി സിപിഎം നേതൃത്വത്തിന് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയ ആര്‍ജെഡി മണ്ഡലം കമ്മിറ്റി എല്‍ഡിഎഫിന്റ വികസന മുന്നേറ്റ ജാഥയില്‍ പങ്കെടുക്കരുതെന്നും മുന്നണി വിടണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് സി പി എം ചര്‍ച്ചയ്ക്ക് തയാറായത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പ്രധാന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് രണ്ടംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതോടെ വികസന മുന്നേറ്റ ജാഥയില്‍ പങ്കെടുക്കാമെന്ന് ആര്‍ ജെ ഡിയും സമ്മതിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളെക്കൊണ്ട് വന്‍തുക ചെലവഴിപ്പിച്ചശേഷം സിപിഎം പ്രവര്‍ത്തകര്‍ തന്നെ വോട്ട് മാറ്റിക്കുത്തിയെന്നാണ് ആര്‍ജെഡിയുടെ പ്രധാനപരാതി. കഴിഞ്ഞതവണ കോര്‍പറേഷനില്‍ ആര്‍ജെഡിക്ക് ഒരു സീറ്റുണ്ടായിരുന്നു.