veena-george-4

കേരളത്തിന്‍റെ ആരോഗ്യമന്ത്രി എവിടെയെന്നായിരുന്നു ഇന്നത്തെ പകല്‍ മുഴുവന്‍ നീണ്ട ചോദ്യം. കഴുത്തിന് പരുക്കേറ്റ നിലയിൽ ചികില്‍സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ നാലിനാണ് ആരോരുമറിയാതെ മന്ത്രി ആശുപത്രിവിട്ടത്. നിരന്തര നിരീക്ഷണം ആവശ്യമെന്നും ഐസിയുവില്‍ തുടരുമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് വീണാ ജോര്‍ജ് ഡിസ്ചാര്‍ജ് ചോദിച്ചു വാങ്ങിയത്. പരിയാരത്തു നിന്ന് ഒൗദ്യോഗിക കാറില്‍ പുറപ്പെട്ട മന്ത്രി പിന്നെ എങ്ങോട്ട് പോയെന്ന് വ്യക്തമാക്കിയിരുന്നില്ല.

റഫര്‍ ചെയ്യപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇതുവരെ ചികില്‍സ തേടിയില്ല. മന്ത്രി എവിടെയെന്ന് അറിയില്ലെന്നായിരുന്നു രാത്രി ഒന്‍പത് മണിവരെ മന്ത്രിയുടെ ഒാഫീസിന്‍റെ വിശദീകരണം. രഹസ്യ ഡിസ്ചാര്‍ജ് വാങ്ങിയ ഒരുപകല്‍ മുഴുവന്‍ കാണാമറയത്തിരുന്ന മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസ പോസ്റ്റുകള്‍ നിറഞ്ഞതോടെ പത്തനംതിട്ടയിലെ വീട്ടിലുണ്ടെന്ന് ഒാഫീസ് വിശദീകരണ കുറിപ്പിറക്കി. നാലു ദിവസം വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും മാര്‍ച്ച് 2 വരെയുളള പരിപാടികള്‍ റദ്ദാക്കിയതായും ഒാഫീസ് വിശദീകരിച്ചു.

ഇതിനിടെ ഐസിയുവില്‍ നിന്ന് നേരിട്ട് ഡിസ്ചാര്‍ജ് ചെയ്യുന്നത് എന്തുതരം ആശുപത്രി പ്രോട്ടോകോൾ ആണെന്നാണ് ഉയരുന്ന ചോദ്യം. കഴുത്തിന് കടുത്ത വേദനയുള്ള കലാകാരി റോഡ് മാർഗ്ഗം ഇത്രയും ദൂരം പോകുന്നത് നല്ലതാണോ എന്നായിരുന്നു മന്ത്രിയെ ആക്രമിച്ചെന്ന് പഴികേട്ട കെഎസ്‌യുവിന്‍റെ പരിഹാസം. മന്ത്രിയെ ഐസിയുവിൽ നിന്ന് കാണാതായി എന്നും കണ്ടുകിട്ടിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും കെഎസ്‌യു നേതാക്കൾ പരിഹസിച്ചു. മന്ത്രിയെ ആക്രമിച്ചെന്ന കഥ എട്ടുനിലയില്‍ പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇതിനിടെ ഐസിയു ബെഡില്‍ നിന്ന് നഴ്സുമാര്‍ക്കൊപ്പമുള്ള മന്ത്രിയുടെ സെല്‍ഫിയും പരിഹാസം ക്ഷണിച്ചുവരുത്തി. ആരോഗ്യമന്ത്രി തന്നെ പ്രോട്ടോകോൾ ലംഘിച്ചു എന്ന ആക്ഷേപങ്ങളും ഉയര്‍ന്നു. അതേസമയം, മന്ത്രിയുമായി കുറഞ്ഞ സമയം കൊണ്ട് നല്ല അടുപ്പം ഉണ്ടായതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് പി.സി.സ്മിതയുടെ സമൂഹമാധ്യമത്തിലെ പ്രതികരണം.

ENGLISH SUMMARY:

The mysterious discharge of Kerala Health Minister Veena George from Pariyaram Medical College has ignited a political row in the state. Despite a medical bulletin suggesting her condition required ICU monitoring for neck injuries, the Minister reportedly requested discharge at 4 AM and left for her residence in Pathanamthitta. Her office remained silent on her whereabouts for most of the day, leading to widespread social media trolling and "missing" posters by KSU activists. The controversy intensified after a selfie of the Minister with nurses in the ICU surfaced, with critics questioning the breach of hospital protocols. While the Minister's office later clarified she is on bed rest until March 2, the opposition has labeled the entire incident a staged drama. Leaders like Shafi Parambil and V.D. Satheesan questioned how a patient with severe neck pain could travel such a long distance by road. Stay updated on this evolving political story and the 2026 election climate in Kerala.