no-fireworks-for-thrissur-pooram

File Photo, Manorama

മുണ്ടത്തിക്കോടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നുള്ള ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഉപേക്ഷിച്ചു. ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം ആയി. കുടമാറ്റത്തിനുള്ള കുടകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാല്‍ മേളങ്ങള്‍ പതിവുപോലെ നടത്താമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 15 ആനപ്പുറത്താകും എഴുന്നള്ളിപ്പ്. 

ദേവസ്വങ്ങളുടെയും ദേശക്കാരുടെയും പൊലീസിന്‍റെയുമുള്‍പ്പടെ  അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം. പാറമേക്കാവ് ദേവസ്വം പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികള്‍ എങ്ങനെ നിര്‍വീര്യമാക്കുമെന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും. പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 

കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാമെന്നാണ് ഇന്നത്തെ തീരുമാനം. പൂരത്തിനുള്ള സ്പെഷല്‍ കുടകളെല്ലാം തയാറാക്കി കഴിഞ്ഞ സാഹചര്യത്തില്‍ കുടകളുടെ എണ്ണം കുറയ്ക്കുമെന്ന തീരുമാനമടക്കം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് വേണ്ട എന്നുള്ള നിലപാട് കൈക്കൊണ്ടുവെന്നും സൂചനയുണ്ട്.

ENGLISH SUMMARY:

Following the tragic Mundathikkode blast, the Kerala government and Devaswoms have decided to cancel the fireworks display for Thrissur Pooram 2026. In a high-level meeting at the Thrissur Collectorate, it was resolved to conduct the festival as a somber ritual. While the traditional Melam and 15-elephant procession will continue, the Kudamattom ceremony will be restricted to 15 minutes with a reduced number of umbrellas. Discussions are ongoing regarding the disposal of stored explosives and the legal case against the fireworks contractor.