നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ കാദി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വിവിധ മുന്നണികള്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വി.എസ്.ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരെയുള്‍പ്പെടെയുള്ളവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാന്‍ഡെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു. അനുയോജ്യരായ നിരവധി ആളുകളുണ്ട്; ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അന്‍വറിന്‍റെകാര്യം യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ അദ്ദേഹത്തെ അറിയിക്കും. അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നിലമ്പൂരില്‍ ഉണ്ടാകുമെന്ന് ഷാഫി പറമ്പിലും ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കെ.മുരളീധരനും പ്രതികരിച്ചു.

അതേസമയം, വിജയ പ്രതീക്ഷകള്‍ പങ്കുവച്ച് ഇടതുമുന്നണിയും രംഗത്തുണ്ട്. സ്ഥാനാര്‍ഥിയെ കഴിയുന്നത്രവേഗം നിശ്ചയിക്കുമെന്നും, സ്വതന്ത്രനാണോ അല്ലയോ മല്‍സരിക്കുക എന്നത് ഉടനറിയാം. അന്‍വറിന്‍റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

The by-election for the Nilambur Assembly constituency has been officially announced. Voting will take place on June 19 and the counting of votes is scheduled for June 23. The election is being held to fill the vacancy left by the resignation of former MLA P.V. Anvar.