നാലുവർഷ ബിരുദ കോഴ്സുകളുടെ മറവിൽ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സർവകലാശാല നടപടിക്കെതിരെ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ്  കേരളാ സർവ്വകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി. അഡ്മിഷൻ സമയത്തെ ഫീസുകൾ കുത്തനെ കൂട്ടിയതിലൂടെ വിദ്യാർഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‍യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോൾ കേരള സർവകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അഡ്മിഷൻ ഫീസ് നിരക്കുകൾ 1850 രൂപയിൽ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയിൽ നിന്ന് 525 രൂപയായി ഉയർത്തിയതുൾപ്പടെയുള്ള തീരുമാനമാണ് സിൻഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. 

വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന തീരുമാനം  അടിയന്തരമായി പിൻവലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കേരളാ സർവ്വകാശാല വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.അല്ലാത്തപക്ഷം  ശക്തമായ പ്രക്ഷോഭം സർവകലാശാലയ്ക്ക് അകത്തും പുറത്തും കെഎസ്‍യു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ENGLISH SUMMARY:

Kerala University has significantly increased admission fees for its 4-year degree courses, raising the fee from Rs. 1850 to Rs. 2655 and eligibility certificate fees from Rs. 210 to Rs. 525. The Kerala Students Union (KSU), led by state president Aloysius Xavier, has strongly opposed the move and demanded an immediate rollback, warning of strong protests both inside and outside the university if the decision is not reversed.