എ.പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മൂന്നു തവണ കോഴിക്കോടിന്‍റെ എംഎല്‍എആയ എ.പ്രദീപ് കുമാര്‍ ജനകീയ മുഖമുള്ള പൊതുപ്രവര്‍ത്തകനും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമാണ്. സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തിലാണ് മുഖ്യമന്ത്രിയുടെ ഒാഫീസിനും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഇടക്കുള്ള കണ്ണിയാകാന്‍ വി.എസ്.പക്ഷക്കാരനെന്ന് അറിയപ്പെടുന്ന പ്രദീപ് കുമാര്‍ എത്തുന്നത്.
തിരഞ്ഞെടുപ്പു വര്‍ഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിര്‍ണായക ചുമതലയിലേക്ക് എ.പ്രദീപ് കുമാര്‍വരുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഒാഫീസുമായുള്ള ഏകോപനം, പാര്‍ട്ടിയുടെ നിലപാടുകള്‍ ഭരണത്തിലേക്ക് സന്നിവേശിപ്പിക്കുക, എല്ലാത്തിനും ഉപരി ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിന് വഴിയൊരുക്കുക എന്നിവയാവും എ.പ്രദീപ് കുമാറിന്‍റെ പ്രധാന ചുമതലകള്‍. മൂന്നുതവണ കോഴിക്കോടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ എ.പ്രദീപ് കുമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന എം.എല്‍എ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു.
മികച്ച നിയമസഭാ സാമാജികനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് കാഴ്ചവെച്ചപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയുമായി. പാര്‍ട്ടി അച്ചടക്കവും നിലപാടുകളും പിന്തുടരുമ്പോഴും സിപിഎമ്മിലെ സൗമ്യ മുഖമാണ് എ.പ്രദീപ് കുമാര്‍. ഇഛാശക്തിയോടെ പ്രവര്‍ത്തിക്കാനും എല്ലാവരുമായും അടുത്തിടപഴകാനുള്ള പ്രത്യേക കഴിവാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പദവിയിലേക്ക് വഴിതുറന്നത്. പ്രധാനപ്പെട്ട ചുമതല എല്ലാ ഉത്തരവാദിത്വത്തോടെയും നിര്‍വഹിക്കുമെന്ന് എ.പ്രദീപ് കുമാര്‍ പറഞ്ഞു.
എം.സ്വരാജ്, ടി.വി.രാജേഷ് തുടങ്ങി പലരുടെയും പേരുകള്‍ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഒപ്പം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരും ഉയര്‍ന്നുവന്നു. എങ്കിലും ഒടുവില്‍ നറുക്കുവീണത് വി.എസ്.പക്ഷക്കാരനെന്നുകൂടി അറിയപ്പെടുന്ന എ.പ്രദീപ് കുമാറിനാണ്.