വാഴ്ത്തുപാട്ടിനു പിന്നാലെ മുഖ്യമന്ത്രിയെ ലെജന്‍ഡ് ആക്കി ഡോക്യുമെന്‍ററി, 15 ലക്ഷം രൂപ ചെലവാക്കി സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നിര്‍മിക്കുന്ന ഡോക്യുമെന്‍ററിയുടെ ചിത്രീകരണം ആരംഭിച്ചു.
ചെമ്പടയുടെ കാവലാളായി പിണറായിയെ പാടിപ്പുകഴ്ത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഇതിഹാസമാക്കി ഡോക്യുമെന്‍ററി നിര്‍മിക്കുന്നത്. 15 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.
പിണറായി വിജയന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് ഡോക്യുമെന്‍ററിയുടെ പ്രമേയം. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനാണ് ഡോക്യുമെന്‍ററി തയ്യാറാക്കുന്നത്. വ്യക്തിപൂജ വിവാദം ആളിക്കത്തിയ കാലത്ത് പുറത്തിറങ്ങിയ അന്നത്തെ വാഴ്ത്തുപാട്ട് വലിയ വിവാദമായിരുന്നു. അസോസിയേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്‍റെ ഉദ്ഘാടനവേദിയില്‍ പാടുന്നതിനായിരുന്നു അന്നു ഗാനം ഒരുക്കിയത്. വിവാദങ്ങള്‍ കനത്തപ്പോള്‍ പാട്ടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് തുടങ്ങിയ ചിത്രീകരണത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജന്‍ നിര്‍വഹിച്ചു.