തിരഞ്ഞെടുപ്പ് സമയത്ത് തൃശൂരിൽ നിന്നും ഒരുകോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയിൽ സിപിഎമ്മിന് വൻ തിരിച്ചടി. ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരിശോധനയ്ക്കും പണം പിടിച്ചെടുത്തതിനും മതിയായ കാരണങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കയാണ് തൃശൂരിലെ സിപിഎം നേതാക്കളിൽ നിന്ന് ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്കിൽ നിന്നും നേരത്തെ പിൻവലിച്ച തുക തിരിച്ചടയ്ക്കാനായി എത്തിയപ്പോഴാണ് അന്നത്തെ സിപിഎം ജില്ല സെക്രട്ടറിയായ എം.എം. വർഗീസ് അടക്കമുള്ളവരിൽ നിന്നും തുക പിടിച്ചെടുക്കുന്നത്. ഇതോടൊപ്പം സ്രോതസ്സിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ 4.81 കോടിയുടെ നിക്ഷേപമുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ എം.എം.വർഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

എന്നാൽ നടപടികളിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി. ആദായനികുത വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമെന്ന് കോടതി പറഞ്ഞു. വസ്തുതകൾ വിലയിരുത്തിയായിരുന്നു പരിശോധന. പരിശോധനയ്ക്കും പണം പിടിച്ചെടുത്തതിനും മതിയായ കാരണങ്ങളുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ സി.പി.എം മറച്ചുവെച്ചു. ബാങ്ക് പലതവണ ആവശ്യപ്പെട്ടിട്ടും കെവൈസി അപ്ഡേറ്റ് ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അതേസമയം അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ കോടതി ഇടപെട്ടില്ല. 60 ദിവസം പൂര്‍ത്തിയായതിനാല്‍ മരവിപ്പിച്ച നടപടിയുടെ സമയപരിധി കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നടപടിയിൽ ഇടപെടാതിരുന്നത്. പ്രവർത്തകരിൽ നിന്നും ലെവിയായി പിരിച്ച തുകയാണ് അക്കൗണ്ടിൽ ഉള്ളതെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.

ENGLISH SUMMARY:

There is nothing wrong in seizing Rs 1 crore of CPM during elections: High Court