എസ്ഡിപിഐയിൽ ചെന്നാലും ബിജെപിയിലേക്ക് ഇല്ലെന്ന് പദവിയുടെ പേരില്‍ സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിയംഗം എ.പത്മകുമാർ. ബിജെപി നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ബിജെപി ജില്ലാ നേതാക്കള്‍ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടത്
Read Also: പത്മകുമാറിനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കള്‍; മറുകണ്ടം ചാടില്ലെന്ന് ബാലന്‍
വീണ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിനെ ചോദ്യം ചെയ്തതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് എ.പത്മകുമാര്‍ . അച്ചടക്കനടപടി ഭയമില്ലെന്നു പത്മകുമാര്‍ പ്രഖ്യാപിച്ചിരിക്കെ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പത്മകുമാറിനെ വീട്ടിലെത്തിക്കണ്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പത്മകുമാർ പാർട്ടിക്ക് പ്രശ്നമല്ലെന്ന് എം.വി ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലാക്കമ്മിറ്റിയില്‍ നടപടി ഉണ്ടായേക്കും.
സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങും മുമ്പാണ് സ്ഥാനമാനങ്ങൾ നൽകിയതിലെ അർഹതയെ ചൊല്ലി പത്മകുമാർ വെടി പൊട്ടിച്ചത്.തനിക്ക് സ്ഥാനം കിട്ടാത്തതല്ല മറിച്ച് വീണ ജോർജിന് സ്ഥാനം നൽകിയതാണ്പ്രകോപിപ്പിച്ചത്. ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കടുത്തഭാഷയില്‍ ആവര്‍ത്തിച്ചു. പ്രത്യാഘാതം അറിഞ്ഞാണ് പ്രതികരിച്ചതെന്നും പാര്‍ട്ടിയില്‍ ഇത് പറയാന്‍ ആരെങ്കിലും വേണ്ടേയെന്നും പത്മകുമാര്‍ വീണ്ടും ചോദിച്ചു. നടപടിയെടുക്കാനും വെല്ലുവിളിച്ചു.
പത്മകുമാറിന്‍റെ പരാമര്‍ശം പരിശോധിക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പത്മകുമാറിനെ വീട്ടിലെത്തി കണ്ടു. പത്മകുമാര്‍ ഉയര്‍ത്തിയ പ്രശ്നം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ് രംഗം തണുപ്പിക്കാന്‍ നോക്കി . പത്മകുമാർ പരസ്യ പ്രതികരണം നടത്താൻ പാടില്ലായിരുന്നു എന്ന് പ്രായപരിധിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും പുറത്തുപോയ എ കെ ബാലൻ പ്രതികരിച്ചു. അതേസമയം. തന്നെ ചൊല്ലി പാർട്ടിയിൽ ഉണ്ടായ പൊട്ടിത്തെറിക്ക് ഒരു തരത്തിലുള്ള പ്രതികരണത്തിനും വീണ ജോർജ് തയ്യാറായില്ല