ബിജെപിയ്ക്കും, മോദിക്കുമെതിരായ ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിൽ സിപിഎമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ദേശീയ കോ ഒഡിനേറ്റർ പ്രകാശ് കാരാട്ട്. കോൺഗ്രസ് നേതാക്കൾ പാർട്ടിയുടെ ഫാഷിസ്റ്റ് രേഖകൾ വായിക്കണം. കേരളത്തിൽ പാർട്ടി ഐക്യപ്പെട്ടുവെന്നും, അതിന്റെ പൂർത്തികരണം കൊല്ലത്തുണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
സംസ്ഥാന സർക്കാരിനെയും, കേരളത്തിലെ പാർട്ടിയേയും അഭിനന്ദിച്ചും പുകഴ്ത്തിയും തുടങ്ങിയ പ്രകാശ് കാരാട്ട് മോദിയേയും, കേന്ദ്രസർക്കാരിനെയും കണക്കറ്റ് വിമർശിച്ചു. സി.പി.എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റം വന്നുവെന്ന കരട് രാഷ്ട്രീയ പ്രമേയം ഉയർത്തി കോൺഗ്രസ് നേതാക്കൾ വിമർശം തുടരുന്ന സാഹചര്യത്തിലാണ് അക്കാര്യത്തിൽ കാരാട്ട് കൂടുതൽ വ്യക്തതവരുത്തിയത്.
കോൺഗ്രസിനെ കടുത്ത വാക്കുകൾ കൊണ്ടാക്രമിച്ച അദ്ദേഹം, ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നു പറഞ്ഞതിനൊപ്പം കോൺഗ്രസ് നേതാക്കൾ സിപിഎമ്മിന്റെ ഫിഷിസ്റ്റ് വിരുദ്ധ രേഖകൾ വായിക്കണമെന്ന് പരിഹസിക്കുകയും ചെയ്തു.
ബിജെപിയ്ക്ക് പിന്നിൽ ആര്എസ്എസ് ആണ്. അധികാരം ഉപയോഗിച്ച് ആർഎസ്.എസ് ഭരണകൂട സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നു. കേരളത്തിൽ പാർട്ടി ശക്തിപ്പെട്ടു. കീഴ്ഘടകങ്ങളിലെ സമ്മേളനം മുതൽ അതാണ് വ്യക്തമാക്കിയതെന്നും കാരാട്ട് പറഞ്ഞു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം എ.കെ. ബാലൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. തുടർന്ന് രക്തസാഷി മണ്ഡപത്തിലെ പുഷ്പാർച്ചനയും കഴിഞ്ഞ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം.