ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഫോള്‍സ് ഇൗഗോ എന്ന് പ്രതിപക്ഷം. മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ പൊലീസ് ടാര്‍പോളിന്‍ പോലും വലിച്ച് കളഞ്ഞില്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. ആശമാര്‍ ആവശ്യപ്പെടുന്നത് എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അവരെ ബക്കറ്റ് പിരിവുകാര്‍ എന്ന് വിളിച്ച് സിപിഎം അവഹേളിക്കുകയാണ്. ആരോഗ്യമന്ത്രിയെ വീട്ടില്‍ കാണാന്‍ ചെന്ന ആശമാരോട് ഓഫിസില്‍ വരാന്‍ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് ആ ഓഫിസ് അധികകാലം ഉണ്ടാകുമെന്ന് കരുതേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെപ്പറ്റി രാഹുല്‍ മാങ്കൂട്ടത്തിന് ഒന്നുമറിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരിച്ചടിച്ചു. എസ്‌യുസിഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മാറുന്നത് നാണക്കേടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയോടെ ആശമാരുടെ സമരത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കില്ല.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ അസഹിഷ്ണുതയോടെ സര്‍ക്കാര്‍. വോക്കൗട്ട് പ്രസംഗം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ പ്രതിപക്ഷനേതാവിന്‍റെ മൈക്ക് കട്ട് ചെയ്ത് സ്പീക്കര്‍. മുഖ്യമന്ത്രി ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തണമെന്ന് വി.ഡി.സതീശന്‍. സുരേഷ്ഗോപി സമരപ്പന്തലില്‍ പോയതിനെക്കുറിച്ച് സി.ഐ.ടി.യു. നേതാവ് പറഞ്ഞത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്.
ചെയറിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവിനോട് സ്പീക്കര്‍ എന്‍.ഷംസീര്‍. സമയം കഴിഞ്ഞാല്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് കട്ട് ചെയ്ത് സ്പീക്കര്‍ ശ്രദ്ധ ക്ഷണിക്കലിലേയ്ക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
.