benjo-shymol-04

പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ മജിസ്റ്റീരിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷൈമോള്‍ കോടതിയില്‍. മര്‍ദന ദൃശ്യങ്ങള്‍ തെളിവായി പരിഗണിച്ച് കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് ആവശ്യം. സ്റ്റേഷനില്‍ നേരിടേണ്ടി വന്ന അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ദൈവത്തിന്‍റെ കയ്യൊപ്പെന്ന് കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.

 

സ്റ്റേഷനില്‍ ഒരു അതിക്രമവും കാട്ടിയില്ലെന്ന് വ്യക്തമാക്കിയ ഷൈമോള്‍ മക്കളെ വലിച്ചെറിയാന്‍ ശ്രമിച്ചുവെന്ന പൊലീസ് വാദം പച്ചക്കള്ളമെന്നും പ്രതികരിച്ചു. തന്നെ ഉപദ്രവിച്ചപ്പോള്‍ മാത്രമാണ് എസ്എച്ച്ഒയ്ക്ക് നേരെ ചെന്നതെന്നും ഷൈമോള്‍ വ്യക്തമാക്കിയത് മനോരമ ന്യൂസ് മോണിങ് എക്സ്പ്രസില്‍. .  Also Read: ‘എന്റെ ഭാര്യ രണ്ട് എകെ 47 തോക്കുമായല്ല സ്റ്റേഷനിലെത്തിയത്, രണ്ട് കൈക്കുഞ്ഞുങ്ങളുമായാണ്’; യുവതിയെ ആഞ്ഞുതല്ലി എസ്എച്ച്ഒ


എസ്എച്ച്ഒയ്ക്ക് പുറമെ ഒരു വനിത പൊലീസും തന്നെ ഉപദ്രവിച്ചുവെന്ന് ഷൈമോള്‍ ആരോപിച്ചപ്പോള്‍ മറ്റ് പൊലീസുകാരുടെ ക്രൂരമര്‍ദനത്തിന് താന്‍ ഇരയായതായി ഭര്‍ത്താവ് ബെന്‍ജോ വെളിപ്പെടുത്തി. മുന്‍ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ പൊലീസ് തന്നെ അന്വേഷിച്ചാല്‍ നീതിലഭിക്കില്ലെന്ന് ഷൈമോള്‍ക്ക് ഉറപ്പാണ്. 

 

ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് കോടതി തന്നെ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ഷൈമോള്‍ടെ ആവശ്യം. ഒന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള തൊണ്ണൂറിലേറെ ക്ലിപ്പുകളാണ് എസിജെഎം കോടതിയില്‍ ഷൈമോള്‍ സമര്‍പ്പിച്ചത്. ഷൈമോള്‍ടെ ഹര്‍ജി അടുത്ത മാസം പതിനേഴിന് പരിഗണിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും കുടുംബം സമീപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Shymol has alleged severe police brutality, rejecting claims that she attempted to harm her children. She said she was assaulted at the police station after witnessing her husband being beaten. Her husband Benjo Baby also accused the SHO and other police personnel of brutal assault. The family claims there is clear CCTV evidence and plans to present it before the court. Following the incident, SHO Prathapachandran was suspended, but demands for a criminal case are intensifying. The family insists that departmental action is insufficient and seeks charges related to violence against women.