കുടുംബകലഹത്തെത്തുടർന്ന് ലഹരിക്കടിമയായ പിതാവ് 18 വയസ്സുകാരിയായ മകളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മഞ്ചേശ്വരം സ്വദേശി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.
മൂന്ന് മാസം മുമ്പാണ് ഉമർ ഫാറൂഖ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അതിനുശേഷം വീട്ടിൽ ഭാര്യയുമായി ഇയാൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ കലഹം രൂക്ഷമാവുകയും ബന്ധം വിവാഹമോചനത്തിന്റെ വക്കിൽ എത്തുകയും ചെയ്തിരുന്നു. ഉമർ ഫാറൂഖ് ലഹരിമരുന്നിന് അടിമയാണെന്നും ലഹരി ഉപയോഗിച്ചെത്തിയാണ് ഇയാൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സംഭവം നടക്കുമ്പോൾ മറിയം ജുമൈലയുടെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം ലഹരിയിൽ വീട്ടിലെത്തിയ ഉമർ ഫാറൂഖ് മകളുമായി തർക്കത്തിലേർപ്പെടുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനാണ് മാരകമായി വെട്ടേറ്റത്. രക്തം വാർന്ന് വീടിനുള്ളിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാർ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.