ഇടിയന്‍ പൊലീസ് എന്നാണ് എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ അറിയപ്പെടുന്നത്. ഗര്‍ഭിണിയായ യുവതിയെ മുഖത്തടിച്ച എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പ്രതാപചന്ദ്രന് സസ്പെന്‍ഷന്‍ മാത്രം പോരെന്നും കേസെടുക്കണമെന്നും ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും ആവശ്യപ്പെടുന്നു. അത്രമാത്രം ക്രൂരതയാണ് തങ്ങളോട് കാണിച്ചതെന്നും ആ വേദന എന്താണെന്ന് അയാളും അറിയണമെന്നും കുടുംബം പറയുന്നു.
യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായതോടെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് എസ്എച്ച്ഒക്കെതിരെ നടപടി വന്നത്. രണ്ട് യുവാക്കളെ മഫ്തിയിലുള്ള പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഷൈമോളുടെ ഭര്‍ത്താവ് മൊബൈലില്‍ ചിത്രീകരിച്ചു. പിറ്റേ ദിവസം പൊലീസ് വീട്ടിലെത്തി ബെഞ്ചോയെ പിടിച്ചുകൊണ്ടുപോയി. നാലുമാസം ഗര്‍ഭിണിയായ ഷൈമോള്‍ ബെഞ്ചോക്കൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് ഷൈമോള്‍ രണ്ട് കുഞ്ഞുങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തി.
എന്തിനാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോള്‍ മോശമായി സംസാരിക്കുകയും ഷൈമോളുടെ നെഞ്ചത്തുതള്ളുകയും ചെയ്തു. ഇതിനു പിന്നാലെയുണ്ടായ വാക്കേറ്റത്തിനിടെ ഷൈമോളുടെ മുഖത്ത് എസ്എച്ച്ഒ ആഞ്ഞുതല്ലി. ഷൈമോള്‍ അന്നുതന്നെ പരാതിപ്പെട്ടെങ്കിലും കേസെടുത്തത് ദമ്പതികള്‍ക്കെതിരെയായിരുന്നു. ഭാര്യയെ മര്‍ദിച്ച ശേഷം തിടുക്കത്തില്‍ തനിക്കെതിരെ എഫ്ഐആര്‍ റെഡിയാക്കി കേസെടുത്തെന്നും ബെഞ്ചോ പറയുന്നു.
കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചെറിയാന്‍ നോക്കിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ തന്റെ ഭാര്യ രണ്ട് എകെ 47 തോക്കുമായല്ല സ്റ്റേഷനിലേക്ക് വന്നതെന്നും ഇരട്ടകളായ രണ്ട് കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയതെന്നും ഭര്‍ത്താവ് ബെഞ്ചോ പറഞ്ഞു. വാക്കേറ്റത്തിനിടെ മറ്റൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ഗര്‍ഭിണിയെ മുഖത്തടിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്.
എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ ഇതാദ്യമായല്ല ഇത്തരം കേസുകളില്‍പ്പെടുന്നത്. മുന്‍പ് വഴിയിലിരുന്നതിന്റെ പേരില്‍ ഒരു ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരനെ ഇയാള്‍ മര്‍ദിച്ചിരുന്നു. അന്നുപക്ഷേ ആ യുവാവിന് തെളിവായി കാണിക്കാന്‍ ദൃശ്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും എസ്എച്ച്ഒക്കെതിരെ അന്വേഷണം നടത്തുക.