കോൺഗ്രസിലെ അവഗണനയും ഒറ്റതിരിച്ചുള്ള ആക്രമണവും തുറന്ന് പറഞ്ഞ് ശശി തരൂർ. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ല. ബിജെപിയിലേക്ക് പോകില്ലെന്നും തന്റെ വിശ്വാസങ്ങൾ ബിജെപിയുടേതല്ലെന്നും ശശി തരൂർ ഇംഗ്ലീഷ് പത്രത്തിന് നൽകിയ പോഡ് കാസ്റ്റിൽ പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായ ജന പിന്തുണയുള്ള തന്നെ വേണ്ടവിധത്തിൽ കോൺഗ്രസ് ഉപയോഗിക്കുന്നില്ലെന്ന അതൃപ്തി പോഡ്കാസ്റ്റിൽ പല ഘട്ടത്തിൽ ശശി തരൂർ വ്യക്തമാക്കുന്നു. വിദേശകാര്യ നയങ്ങളിലടക്കം പാർട്ടി കൂടിയാലോചന നടത്താറില്ല. മോദി, എല്‍ഡിഎഫ് പ്രശംസ താൻ നടത്തുമ്പോൾ മാത്രമാണ് വിവാദമാകുന്നത്. വി ഡി സതീശനും കൊടിക്കുന്നിൽ സുരേഷും സമാന പ്രസ്താവന നടത്തിയിട്ടുണ്ട്. സ്വതന്ത്ര വികസന നിലപാടുകളാണ് തന്റേതെന്നും ശശി തരൂർ.
ബിജെപി പ്രവേശനത്തിനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയടക്കം ഒരാളുമായും ചർച്ച നടത്തിയിട്ടില്ലെന്നു ബി.ജെ.പിയുടെ ആശയങ്ങളല്ല തന്റേതെന്നും തരൂര്‍ വ്യക്തമാക്കി. ഹിന്ദുമതം സഹിഷ്ണുതയുടെയും സമഭാവനയുടെതുമെന്ന് പറഞ്ഞ ശശി തരൂർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഏറ്റവും യോജിച്ചത് ഹിന്ദുമതമാണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ മസ്ജിദുകളിലും ശിവലിംഗം തിരയേണ്ടതില്ല എന്നതടക്കമുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനകൾ സ്വീകാര്യമാണ്.
അവസരം ലഭിച്ചപ്പോൾ മോഹൻ ഭാഗവതുമായി ഹിന്ദുത്വത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്നും തരൂർ പറഞ്ഞു