k-sudhakaran

തിരഞ്ഞെടുപ്പടുത്ത കേരളത്തിലും അസമിലും ഉടന്‍ നേതൃമാറ്റത്തിന് കോൺഗ്രസ്. കെ.സുധാകരനും ഭൂപന്‍  ബോറയും പിസിസി അധ്യക്ഷസ്ഥാനമൊഴിയും. കെപിസിസി അധ്യക്ഷപദത്തിലേക്ക് അടൂർ പ്രകാശ്, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടാകും.  ഗൗരവ് ഗോഗോയ്, അസം സംസ്ഥാന അധ്യക്ഷനാവും.  അഹമ്മദാബാദ് സെഷന് മുന്നോടിയായി പ്രഖ്യാപനമുണ്ടാവും.

 

നിയമസഭാ   തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ  കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ്  ഹൈക്കമാൻഡ് വിലയിരുത്തൽ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഏറെനാളായി ശക്തമാണ്. ഇതുവരെ നടന്ന ചർച്ചകളിൽ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകളാണ്  ഉയർന്നിട്ടുള്ളത്. മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. 

ഈഴവ സമുദായത്തില്‍ നിന്ന് തന്നെയാണ് പുതിയ അധ്യക്ഷനെങ്കില്‍ അടൂർ പ്രകാശിനാണ് സാധ്യത. എന്നാല്‍  കേരള കോൺഗ്രസ് വിട്ട് പോയതോടെ യുഡിഎഫില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇല്ലാതായെന്ന പരാതിയുണ്ട്. അങ്ങനെയെങ്കില്‍ ബെന്നി ബഹനാനോ റോജി എം.ജോണിനോ നറുക്കുവീഴും. ആന്‍റോ ആന്‍റണിയും അധ്യക്ഷപദവി ആഗ്രഹിക്കുന്നുണ്ട്. 

വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ശശി തരൂർ വിവാദം ചർച്ചയാകില്ല. അസമിൽ ലോക്സഭ ഉപനേതാവ് ഗൗരവ് ഗോഗോയ് പാര്‍ട്ടി അധ്യക്ഷനായേക്കും. ഗോഗോയ് ഒഴിയുകയാണെങ്കിൽ സഭാ ഉപനേതാവ് പദവി വേണമെന്ന് ശശി തരൂര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നല്‍കാന്‍ ഇടയില്ല. ഏപ്രിലില്‍ നടക്കുന്ന അഹമ്മദാബാദ് സെഷന് മുമ്പ് പുതിയ നേതൃത്വം ചുമതലയേല്‍ക്കും.

ENGLISH SUMMARY:

Congress to change leadership soon in Kerala and Assam ahead of elections