പോറ്റിയേ കേറ്റിയേ പാട്ടിനെതിരെ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സര്‍ക്കാര്‍. തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ എഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാണക്കേടായതോടെയാണ് സര്‍ക്കാരിന്‍റെ മലക്കംമറിച്ചില്‍. ഈ സാഹചര്യത്തില്‍ തല്‍ക്കാലം പരാതിക്കാരുടെ മൊഴിരേഖപ്പെടുത്തില്ല. കേസ് നിലനില്‍ക്കുമോ നോക്കിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടിയുണ്ടാവുക.
അതേസമയം, പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് പാട്ട് ഒഴിവാക്കാനായിരുന്നു ശ്രമം. ഇന്നലെ മാത്രം 230 അക്കൗണ്ടുകളില്‍ നിന്ന് പാട്ട് നീക്കം ചെയ്തു, പാട്ടിനെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു ഈ നടപടി. പാട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. Also Read: 'പോറ്റിയേ ഗാനം പാരഡി മാത്രമല്ല, രാഷ്ട്രീയവശം കൂടി കാണണം'; കേസെടുത്തതിൽ ന്യായീകരിച്ച് മുരുകന്‍ കാട്ടാക്കട
സൈബർ കേസെടുത്താൻ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണ് സോഷ്യൽ മീഡിയ നിരീക്ഷണവും കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യലുമെന്നായിരുന്നു പൊലീസ് വിശദീകരണം . എന്തായാലും സര്‍ക്കാര്‍ പിന്‍മാറിയതോടെ നിരീക്ഷണവും അവസാനിപ്പിച്ചേക്കും. പോറ്റിയേ കേറ്റിയേ പാട്ട് നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കത്തയച്ചു
ശബരിമല സ്വർണക്കൊള്ളയിലെ പാരഡി ഗാനത്തിൽ കേസുമായി മുന്നോട്ട് പോയാൽ സി.പി.എം നേതാക്കളുടെ വീടിന് മുന്നിലെത്തി പാടുമെന്ന് കെ.മുരളീധരൻ. സ്വർണം കട്ടതാണ് കുറ്റം. കട്ടതിനെക്കുറിച്ച് പാടിയതിലല്ല. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്ന് കയറ്റമാണ്. സി.പി.എമ്മിന് ആത്മാർഥതയുണ്ടെങ്കിൽ സ്വർണം കട്ടതിന് ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണം. പാരഡിയിൽ ഒരു തെറ്റുമില്ലെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.