ശശി തരൂരിന്റെ ലക്ഷ്യം താക്കോൽ സ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻനിരയിൽ നിൽക്കാനാണ് തരൂരിന്റെ ആഗ്രഹം. അതേസമയം, തുടർച്ചയായി പാർട്ടിയെ വെട്ടിലാക്കി സി.പി.എമ്മിന് അടിക്കാൻ വടികൊടുക്കുന്ന തരൂരിനെ ഹൈക്കമാൻഡ് നിലയ്ക്ക് നിർത്തണമെന്ന ആവശ്യം കടുക്കുകയാണ്.
എം.പിയാണെങ്കിലും കേന്ദ്രത്തിൽ അധികാരമില്ല. സംസ്ഥാനത്ത് ഭാഗ്യം പരീക്ഷിക്കാൻ നല്ല അവസരമാണ് 2026. പക്ഷേ ആരും പരിഗണിക്കുന്നില്ല. ഈ വിഷമത്തിൽ നിന്നാണ് തരൂരിന്റെ വിമർശനങ്ങളത്രയും പിറക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്വപ്നം കണ്ട് ചില ചരടുവലികൾ നേരത്തെ നടത്തിയതാണ് തരൂർ. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കഷ്ടിച്ച് കടന്നുകൂടിയത് മൂല്യം കുറച്ചു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നിരിക്കെ, നയിക്കുന്നവരുടെ കൂട്ടത്തിൽ ഒരു സ്ഥാനമാണ് തരൂരിന്റെ മനസിൽ. എന്നാൽ, പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കി, അതിലേക്ക് വഴി വെട്ടുന്നതിൽ തരൂരിന് പിഴവുപറ്റി.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എം.കെ.രാഘവനിൽ തുടങ്ങി കെ.എസ്.ശബരിനാഥൻ വരെയുള്ളവർ തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരിൽ പലർക്കും തരൂരിനോട് ആഭിമുഖ്യം തുടരുന്നുണ്ടെങ്കിലും പുതിയ വിവാദങ്ങളിൽ ഒപ്പമല്ല. പല കാര്യങ്ങളിലും യോജിക്കാത്ത സംസ്ഥാനത്തെ മുതിർന്ന നേതാക്കളാകട്ടെ തരൂരിനെതിരായ കാര്യത്തിൽ ഒരുചേരിയിലാണ്.
കേരളത്തിൽ തരൂരിനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡ് പറയുന്നുമില്ല.ഇതാണ് തരൂർ നേരിടുന്ന പ്രധാന വെല്ലുവിളി.അതേസമയം, നിരന്തരം അവഗണിച്ച് തരൂരിനെ പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ചാൽ സംസ്ഥാന നേതൃത്വം അതിന്റെ പാപഭാരം ചുമക്കേണ്ടിവരും. ചുരുക്കത്തിൽ എന്ത് ചെയ്യണമെന്നറിയാതെ അന്തവും കുന്തവുമില്ലാതെ നിൽക്കുകയാണ് സംസ്ഥാന നേതൃത്വം. കോൺഗ്രസിൽ ആശയക്കുഴപ്പം കൂട്ടാൻ കിട്ടിയ അവസരം പാഴാക്കാതെ തരൂരിനെ വിപ്ളവകാരിയാക്കാനുള്ള തിരക്കിലാണ് സിപിഎമ്മും.