sabarimala-sannidhanam-pilgrims
  • ശബരിമല നട തുറന്ന് പതിനാലാം ദിവസത്തിനിടെ ഏറ്റവും കൂടുതൽ സ്വാമിമാർ ദർശനത്തിനെത്തിയത് ഇന്നലെ. അവധി ദിനത്തിലെ പതിവ് പോലെ എൺപതിനായിരത്തിലേറെ സ്വാമിമാർ സന്നിധാനത്തെത്തി. വെർച്വൽ ക്യൂ വഴി അറുപത്തി ആറായിരവും സ്പോട്ട് ബുക്കിങ് വഴി പതിനായിരത്തിലേറെ സ്വാമിമാരും ദർശനം നേടി

ശബരിമല നട തുറന്ന് പതിനാലാം ദിവസത്തിനിടെ ഏറ്റവും കൂടുതൽ സ്വാമിമാർ ദർശനത്തിനെത്തിയത് ഇന്നലെ. അവധി ദിനത്തിലെ പതിവ് പോലെ എൺപതിനായിരത്തിലേറെ സ്വാമിമാർ സന്നിധാനത്തെത്തി. വെർച്വൽ ക്യൂ വഴി അറുപത്തി ആറായിരവും സ്പോട്ട് ബുക്കിങ് വഴി പതിനായിരത്തിലേറെ സ്വാമിമാരും ദർശനം നേടി. ഇന്നും മലയാളികൾ ഉൾപ്പെടെയുള്ള സ്വാമിമാർ കൂടുതലായി എത്തിയേക്കും. സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ വഴി പരമാവധി സ്വാമിമാർക്ക് ദർശന അനുമതി നൽകണമെന്നാണ് പൊലീസിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിർദേശം. കഴിഞ്ഞദിവസം നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് തേടിയെത്തിയ മുഴുവൻ സ്വാമിമാർക്കും അനുമതി നൽകിയിരുന്നു.

അതേസമയം,  ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ ഭക്തർക്കും മണ്ഡലകാലത്ത് ദർശനം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദിവസേനയുള്ള നിയന്ത്രണം പറഞ്ഞ് സ്വാമിമാരെ മടക്കി വിടാതെ വരുന്നവർക്കെല്ലാം സ്പോട്ട് ബുക്കിങ് സൗകര്യത്തിലൂടെ മലചവിട്ടാൻ അനുമതി നൽകും. ശബരിമലയിൽ സുഖദർശനവും   സൗകര്യങ്ങളും വ്യക്തമാക്കി ഇതര സംസ്ഥാനങ്ങളിലെ സ്വാമിമാരെ ലക്ഷ്യമിട്ടുള്ള സന്ദേശം എത്തിക്കാനുള്ള ശ്രമം തുടങ്ങി. 

വെർച്വൽ ക്യൂ പൂർണം. സ്പോട്ട് ബുക്കിങ്ങിനും സാധ്യതയില്ല. ഏതുവിധേന ദർശനം നടപ്പാകുമെന്ന് ആലോചിക്കുന്ന സ്വാമിമാരോടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭ്യർഥന. സംശയം വേണ്ട. നിങ്ങൾക്ക് നിശ്ചയിച്ച ദിവസം തന്നെ ദർശനത്തിന് വരാം. എത്ര സ്വാമിമാരുണ്ടെങ്കിലും അവരെ സന്നിധാനത്തേക്ക് കടത്തിവിടും. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നേരത്തെ ക്രമീകരണം ഏർപ്പെടുത്തിയതെങ്കിലും വരുന്ന സ്വാമിമാരെ നിരാശരാക്കില്ല. ശബരിമലയിൽ എല്ലാം സുരക്ഷിതമായി തുടരുന്നുവെന്ന സന്ദേശം കൃത്യമായി മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും. ഇതിനായി പ്രത്യേക വീഡിയോ ഉൾപ്പെടെ തയാറാക്കാനാണ് തീരുമാനം. ഇത്തവണ ദർശനം നടത്തിയ സ്വാമിമാരുടെ അനുഭവം ഉൾപ്പെടെ വീഡിയോയിൽ ഉൾപ്പെടുത്തും.

ആദ്യഘട്ടത്തിലെ ആശയക്കുഴപ്പം മാറി സ്വാമിമാർ കൂടുതലായി എത്തുന്നത് വരും ദിവസങ്ങളിൽ മണ്ഡലകാലത്തെ യഥാർഥ തിരക്കിലേക്ക് സന്നിധാനത്തെ മാറ്റും. സുരക്ഷിത തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായ സന്ദേശം കൈമാറുന്നത് ഇതര സംസ്ഥാന തീർഥാടകർക്ക് വരവുറപ്പിക്കാനുള്ള അടയാളമാവും.

ENGLISH SUMMARY:

Sabarimala recorded its highest pilgrim turnout on the 14th day of the Mandala season, with over 80,000 devotees visiting the temple in a single day. Around 66,000 pilgrims secured darshan through Virtual Queue bookings, while more than 10,000 used spot booking facilities. The Travancore Devaswom Board has assured devotees that everyone wishing to visit Sabarimala during the Mandala season will be accommodated, even if Virtual Queue slots are full. Special awareness videos are also being planned to inform devotees from other states about the safety arrangements and facilities at Sabarimala.