കനത്ത മഴയിലും ശബരിമല സന്നിധാനത്തേക്ക് ഇന്നലെ തീർഥാടക പ്രവാഹം. ഇന്നലെ 73,744 തീർഥാടകരാണ് ദർശനത്തിനെത്തിയത്. ഇതിൽ 54,331 പേർ വെർച്വൽ ക്യൂ ബുക്കിങ് വഴിയും 8,049 പേർ സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. മറ്റ് ദിവസങ്ങളിൽ ബുക്ക് ചെയ്ത 6,631 പേരും സന്നിധാനത്തെത്തി. അതേസമയം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹത സൈബര്‍ സെക്യൂരിറ്റി അന്വേഷിക്കും. എ.ഡി.ജി.പിയുടെ കീഴിലുള്ള സംഘം പരിശോധിക്കുക. ബുക്കിങ് വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ സെക്യൂരിറ്റി വിങ്ങിന് കൈമാറി.
അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവരില്‍ 30ശതമാനം വരാത്തത് എന്ത് എന്ന് കണ്ടെത്താനായിട്ടില്ല. ആള് കുറവായതോടെയാണ് സ്പോട്ട് ബുക്കിങ് കൂടുതല്‍ സ്ഥലത്ത് അനുവദിക്കാനുള്ള ആലോചന. നിലവില്‍ നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്. ഇവിടെ കാര്യമായി ആളും വരുന്നില്ല. പന്തളം, ഏറ്റുമാനൂര്‍, തിരുവനന്തപുരം എന്നിവിടങ്ങള്‍ സ്പോട്ട് ബുക്കിങ് തുടങ്ങാനുള്ള സാധ്യത തേടാനാണ് ദേവസ്വം ബോര്‍ഡിന് മന്ത്രി നിര്‍ദേശം നല്‍കിയത്. തിക്കും തിരക്കുമില്ലാതെ പോകുന്നതില്‍ തീര്‍ഥാടകര്‍ സന്തോഷത്തിലാണ്.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് വരാതിരിക്കുന്നവരെക്കുറിച്ച് പൊലീസ്, ദേവസ്വം വിജിലന്‍സ്, സൈബര്‍ പൊലീസ് സംഘങ്ങളുടെ അന്വേഷണം തുടരുകയാണ്. ചെന്നൈയിലും കോയമ്പത്തൂരിലും കൂട്ടബുക്കിങ് നടന്നു എന്നാണ് സംശയം. കേരളത്തിലും ദുരൂഹ ബുക്കിങ് ഉണ്ട്. ലക്ഷക്കണക്കിന് പേരുടെ ബുക്കിങ് വിവരങ്ങളാണ് പമ്പ പൊലീസും സൈബര്‍ പൊലീസ് സംഘവും പരിശോധിക്കേണ്ടത്. അതേസമയം അപ്പം അരവണ ക്ഷാമം ഒഴിവാക്കാനും തിക്കും തിരക്കും വന്ന് വിവാദം ഉണ്ടാകാതിരിക്കാനുമായി പൊലീസിന്റെ അറിവോടെ ദേവസ്വം ബോര്‍ഡ് തന്നെ സ്ലോട്ടുകള്‍ കുറച്ചു എന്ന് ദേവസ്വം ജീവനക്കാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്.