Workers arrive as a downed tree crushes a car during a rain storm near the Van Ness neighborhood in Washington, DC, US, November 26, 2026. The National Weather Service predicted rainfall of 1 to 3 inches, with wind gusts as high as 55 mph in the DC area on Thanksgiving. REUTERS/Anna Rose Layden
അമേരിക്കയില്‍ നാശംവിതച്ച് കൊടുങ്കാറ്റ്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കാറ്റിൽ ജനജീവിതം ദുരിതത്തിലായി. വിമാന ഗതാഗതം താറുമാറായ സാഹചര്യമാണ്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളെ ബാധിച്ചു. ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ഇല്ല. താങ്ക്സ് ഗിവിങ് പരേഡ് മാറ്റിവെച്ചു
കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം ദുസഹമായി. കനത്ത കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായതോടെ ഒൻപത് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ആയിരത്തിലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. താങ്ക്സ്ഗിവിങ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വൻതോതിലുള്ള യാത്രകൾ നടക്കുന്ന സമയത്താണ് പ്രകൃതിദുരന്തം.
രാജ്യത്തിന്റെ വ്യോമയാന മേഖലയിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നാണിതെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി വിശേഷിപ്പിച്ചു. വിർജീനിയ മേഖലയിൽ മണിക്കൂറിൽ 70 മുതൽ 80 മൈൽ വരെ വേഗതയിൽ കൊടുങ്കാറ്റ് വീശിയതായി റിപ്പോർട്ടുകളുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.
മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ മരങ്ങൾ വീണതിനെ തുടർന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. മെക്കാനിക്സ്വില്ലെയിൽ മരങ്ങൾ വീടുകൾക്ക് മുകളിൽ പതിച്ചതിനെ തുടർന്ന് ഒരു സ്ത്രീയെയും രക്ഷപ്പെടുത്തി. ശക്തമായ കാറ്റ് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ.
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ താങ്ക്സ്ഗിവിങ് ഡേ പരേഡ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ശനിയാഴ്ചയിലേക്ക് മാറ്റിവച്ചു. ശക്തമായ കൊടുങ്കാറ്റിൽ മരക്കൊമ്പുകളും വൈദ്യുതി ലൈനുകളും നിലംപതിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ താങ്ക്സ്ഗിവിങ് ദിനത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, ഇരുതീരങ്ങളിലും തുടരുന്ന മോശം കാലാവസ്ഥ വിമാനയാത്രകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചതോടെ അവധി ആഘോഷങ്ങൾക്കും തിരിച്ചടിയായിരിക്കുകയാണ്.