തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കൂടുതല്‍ വിശദീകരണവും തെളിവുകളും വേണമെന്നും ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി. തിരുവമ്പാടി ദേവസ്വത്തിലെ പത്തുപേരെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പക്ഷേ വ്യക്തമായ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഭാഗത്ത് നിന്നുമുണ്ടായ 16 വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് എസ്ഐടിയുടെ റിപ്പോര്‍ട്ട്. പൊലീസ് നല്കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ദേവസ്വം ജീവനക്കാര്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
2024ലെ പൂരമായിരുന്നു അലങ്കോലപ്പെട്ടത്. ആദ്യം എം.ആര്.അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും അന്നത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവമ്പാടി ദേവസ്വത്തെ പഴിചാരിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. പൊലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കിയിരുന്ന ഈ റിപ്പോര്‍ട്ടില്‍ അന്നത്തെ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെയും പരാമര്ശങ്ങളുണ്ടായിരുന്നില്ല.
2024 ഒക്ടോബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നീണ്ട 16 മാസങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തിയാക്കിയത്. പൊലീസിനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചത്.