ചാല വൈഷ്ണവി ജുവല്ലറി ഉടമ നന്ദകുമാറിൽ നിന്നും സ്വർണ്ണം കവർന്നത് അദ്ദേഹത്തിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയെ തുടർന്നെന്ന് പൊലീസ്. നന്ദകുമാറിന്റെ ബിസിനസ് സാമ്രാജ്യം സാമ്പത്തികമായി തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് ഈ വൻ കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.

കേസിലെ മുഖ്യസൂത്രധാരനായ സ്വർണ്ണ ഏജന്റ് അമൂലും സുഹൃത്ത് ദിലീപും തിരുവനന്തപുരത്ത് പൊലീസ് പിടിയിലായിട്ടുണ്ട്. ഇതോടെ വയനാട്ടിൽ അറസ്റ്റിലായ മൂന്നുപേരും തിരുവനന്തപുരത്ത് അറസ്റ്റിലായ രണ്ടുപേരും ഉൾപ്പെടെ ആകെ അഞ്ചുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവന്നിരുന്ന മൂന്ന് പേരിൽ നിന്നാണ് അമൂലിന്റെയും ദിലീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള മൂന്നാമനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്നും കവർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

  • കവർച്ചയുടെ ആസൂത്രണം ഇങ്ങനെ:

തിരക്കഥയൊരുക്കിയത് അമൂൽ: കവർച്ചയുടെ കൃത്യമായ തിരക്കഥ തയ്യാറാക്കിയത് സ്വർണ്ണ ഏജന്റായ അമൂലാണ്. സംഭവദിവസം രാവിലെ നന്ദകുമാറിന്റെ കടയിലെത്തിയ അമൂൽ 15 ലക്ഷം രൂപയുടെ സ്വർണ്ണം വിൽപന നടത്തി പണം വാങ്ങിയിരുന്നു. ഇതിനുശേഷം വൈകിട്ട് ഇത്രയും സ്വർണ്ണവുമായി നന്ദകുമാർ വീട്ടിലേക്ക് പോകുമെന്ന് അമൂൽ ഉറപ്പുവരുത്തി.

നന്ദകുമാറിൽ നിന്നും സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മുൻപ് സ്വർണ്ണ മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള അനൂപിനെയാണ് അമൂൽ ദൗത്യം ഏൽപ്പിച്ചത്. തുടർന്ന് അനൂപ് മറ്റൊരു പ്രതിയായ അനിലുമായി ചേർന്ന് കവർച്ചയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു.

  • വിവരം ചോർത്തി നൽകിയത് സ്രാവൺ

നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങിയ കൃത്യമായ വിവരം കവർച്ചാ സംഘമായ അനിലിനും അനൂപിനും ചോർത്തി നൽകിയത് സ്രാവൺ ആണ്. വയനാട് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട സ്രാവണിനെ കണ്ടെത്താനായി  തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala police have revealed that the sensational gold robbery targeting Chala Vaishnavi Jewellery owner Nandakumar was orchestrated out of business rivalry with the explicit aim of financially ruining him. Gold agent Amul, identified as the mastermind behind the heist, and his accomplice Dileep were arrested in Thiruvananthapuram, bringing the total number of arrests in the case to five.