ആറ്റുകാല്‍ പൊങ്കാല ദിവസം സിബിഎസ്ഇ പത്താം ക്ളാസുകാര്‍ക്ക് പരീക്ഷ. ഇതോടെ തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അങ്കലാപ്പിലായി. ഫെബ്രുവരി 22ല്‍നിന്ന് പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് സിബിഎസ്ഇ ബോര്‍ഡിനോട് ആവശ്യപ്പെടാന്‍ തയാറെടുക്കുകയാണ് സ്കൂളുകള്‍.

ഇതാണ് ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലെ കാഴ്ച. നഗരത്തിലാകെ പൊങ്കാല കലങ്ങള്‍. സര്‍ക്കാര്‍ ഒാഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. വാഹനഗതാഗതം നിര്‍ത്തിവെക്കും. മുഴുവന്‍നഗരവും പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമാകും. ഇതിനിടെ എങ്ങനെ ഒരു പൊതു പരീക്ഷ നടത്തും?

പൊങ്കാല ദിവസമായ ഫെബ്രുവരി 22 ന് സിബിഎസ്ഇ പത്താം ക്സാസുകാരുടെ സയന്‍സ് പരീക്ഷയാണ്. രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നരവരെയാണ് പരീക്ഷ. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകളിലേക്ക് എത്തിച്ചേരാന്‍പോലും കഴിയില്ലെന്ന് വ്യക്തം. ഇതെല്ലാം കണക്കിലെടുത്ത് പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്കൂള്‍ അധികൃതര്‍ ഡല്‍ഹിയില്‍ സിബിഎസ്ഇ ബോര്‍ഡിനെ ഇക്കാര്യം അറിയിക്കും. സംസ്ഥാന സര്‍ക്കാര്‍ കൂടി ഇതില്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരു നഗരത്തിനുവേണ്ടി രാജ്യം മുഴുവനുമുള്ള പരീക്ഷാതീയതി മാറ്റുമോ എന്നാണ് ഇനി കാണേണ്ടത്.

ENGLISH SUMMARY:

Attukal Pongala date clashes with the CBSE Class 10 Science exam, leaving students and parents in Thiruvananthapuram deeply concerned about reaching exam centers. School authorities are preparing to request the CBSE board in Delhi to reschedule the examination due to city-wide traffic restrictions and celebrations.