പെട്രോളിലെ എഥനോൾ സാന്നിധ്യത്തിന്റെ അളവ് പരിശോധന നാളെ തുടങ്ങും. പെട്രോൾ പമ്പുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് സാംപിളുകൾ ശേഖരിക്കും. ഓരോ പരിശോധനയിലും ശേഖരിക്കുന്ന ആറ് സാംപിളുകൾ എന്‍എബിഎല്‍ ലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കും. ഉദ്യോഗസ്ഥരുടെ അഭാവമുള്ളതിനാൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന. Also Read: എഥനോള്‍ പരിശോധന തങ്ങളെ അറിയിക്കാതെയെന്ന് എണ്ണക്കമ്പനികള്‍; റിപ്പോര്‍ട്ട് തള്ളി
ഫൊറൻസിക് ലാബുകളിലും പരിശോധനയ്ക്കു സൗകര്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. സാംപിൾ ശേഖരണത്തിന് ആവശ്യമെങ്കിൽ ലീഗൽ മെട്രോളജി അധികൃതരുടെ സഹായവും തേടും. മായം കലർന്നിട്ടുണ്ടെന്ന് വ്യക്തമായാൽ കർശനമായ നടപടി സ്വീകരിക്കും. പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമാണ് അനുവദനീയ പരിധി.
2005 ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈസ്‌പീഡ് ഡീസൽ റഗുലേഷൻസ് ഓഫ് സപ്ലൈ ഡിസ്‌ട്രിബ്യൂഷൻ ആൻഡ് പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ് നിയമപ്രകാരം സംസ്ഥാനം 2014ൽ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചാണ് നടപടി. ഇതുപ്രകാരം പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫിസർ വരെയുള്ളവർക്കു പരിശോധന നടത്താം.