സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് എല്‍പിഎസ്‌ടി റാങ്ക് ഹോള്‍ഡേഴ്സിന് പൊലീസ് നോട്ടീസ്. ഫുട്‍പാത്ത് കയ്യേറിയെന്ന് കാണിച്ച് സമരസമിതി സെക്രട്ടറി വളര്‍മതിക്കാണ് കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. Also Read: ‘വലിയ ബജറ്റിലൊരുക്കിയിട്ടെന്തുകാര്യം?’; ‘രാമായണം’, ‘ആദിപുരുഷ്’ താരതമ്യവുമായി സോഷ്യല്‍മീഡിയ കത്തിച്ച് പ്രഭാസ് ആരാധകര്‍
സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരപ്പന്തല്‍ കെട്ടിയത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണെന്ന് കാട്ടിയാണ് എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സിന് കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസയച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്ന സമരപ്പന്തല്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റണമെന്നും ഇല്ലെങ്കില്‍ സമരസമിതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസ്.
ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും മൈക്ക് സെറ്റുകള്‍ മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അതേസമയം സമരം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും സമരപ്പന്തല്‍ പൊളിക്കില്ലെന്നും വളര്‍മതി പ്രതികരിച്ചു.
13 ദിവസം മുന്‍പാണ് എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരപ്പന്തല്‍ കെട്ടിയത്. നാളെ ഉച്ചയ്ക്ക് മുന്‍പേ സമരപ്പന്തല്‍ നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.