ranbeer-prabhas

TOPICS COVERED

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ‘രാമായണ’വും പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷും’ താരതമ്യങ്ങളുടെ പേരില്‍ സോഷ്യല്‍  മീഡിയയില്‍ നിറഞ്ഞ് പ്രഭാസ് ആരാധകര്‍. രൺബീർ കപൂറും സായ് പല്ലവിയും അഭിനയിച്ച ‘രാമായണ’ത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫിസ് കലക്ഷന്‍റെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തീപിടിച്ചത്. 4,000 കോടി രൂപ ബജറ്റിൽ ഒരുക്കിയ ബൃഹത്തായ ഇതിഹാസ ചിത്രം ആയിരുന്നിട്ടും ഇന്ത്യയിലോ ആഗോളതലത്തിലോ 'ആദിപുരുഷി'ന്‍റെ ആദ്യ ദിവസത്തെ കലക്ഷനെ മറികടക്കാൻ 'രാമായണ’ ത്തിന് സാധിച്ചില്ല എന്നതാണ് എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയ്ക്ക് കാരണമായത്. 

റിലീസിന്‍റെ ആദ്യ ദിനം 25,200 ഷോകളിൽ നിന്നായി 'രാമായണം' ഇന്ത്യയില്‍ 64.85 കോടി രൂപയാണ് നേടിയത്. ഹിന്ദിക്ക് പുറമെ കന്നഡയിൽ 1,197 ഷോകളിൽ നിന്ന് 7.25 കോടി രൂപയും തെലുങ്കിൽ 1,776 ഷോകളിൽ നിന്ന് 6.00 കോടി രൂപയും തമിഴിൽ 992 ഷോകളിൽ നിന്ന് 2.60 കോടി രൂപയും മലയാളത്തിൽ 557 ഷോകളിൽ നിന്ന് 1.50 കോടി രൂപയുമാണ് ചിത്രം കൈവരിച്ചത്. അതേസമയം പ്രഭാസ് നായകനായ ‘ആദിപുരുഷ്’ റിലീസ് ദിവസം തന്നെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി 86.75 കോടി രൂപ നേടിയിരുന്നു. വിദേശ വിപണികളിൽ നിന്ന് 50.00 കോടി രൂപ നേടിയ 'രാമായണ'ത്തിന്റെ ആഗോള ഗ്രോസ് കലക്ഷൻ 127.50 കോടി രൂപയായി ഉയർന്നു. എന്നാൽ 'രാമായണ'ത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ചിത്രം 155 കോടി രൂപ നേടിയതായി അറിയിച്ചിട്ടുണ്ട്.

സാക്‌നിക് നൽകുന്ന വിവരമനുസരിച്ച് 'ആദിപുരുഷ്' റിലീസ് ചെയ്ത ആദ്യ ദിവസം ആഗോളതലത്തിൽ നേടിയ മൊത്തം കളലക്ഷൻ 128.08 കോടി രൂപയാണ്. എന്നാൽ ടി-സീരീസ് 140 കോടി രൂപ എന്ന ഉയർന്ന കണക്കാണ് റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു ചിത്രങ്ങളുടെയും ബോക്സ് ഓഫിസ് കലക്ഷന്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആരാധകര്‍ കളം നിറയുന്നത്. ‘വലിയ ബജറ്റില്ലാതെയും ആനിമേറ്റഡ് കണ്ടന്‍റ് എന്ന പരിഹാസം നേരിടേണ്ടി വന്നിട്ടും അദ്ദേഹം ഇത് സാധിച്ചെടുത്തു’ എന്നായിരുന്നു ഒരു പ്രഭാസ് ആരാധകന്‍റെ പ്രതികരണം. ‘‘ VFX-ന്റെയും ഉള്ളടക്കത്തിന്‍റെയും പേരിൽ കടുത്ത പരിഹാസങ്ങൾ നേരിട്ടിട്ടും ഇന്ത്യയിൽ 100 ​​കോടി രൂപയുടെ ഓപ്പണിങ് നേടുന്ന, 'സീക്വൽ' അല്ലാത്ത ഒരേയൊരു ബോളിവുഡ് ചിത്രമായി ആദിപുരുഷ്  തുടരുന്നു! പ്രഭാസ് എന്ന താരമൂല്യം!" എന്നായിരുന്നു മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവിന്‍റെ കമന്‍റ്. 

500–700 കോടിക്കുള്ളില്‍ മാത്രമായിരുന്നു ‘ആദിപുരുഷി’ന്‍റെ ബജറ്റ്. ബജറ്റിന്‍റെ കാര്യത്തിൽ 'രാമായണം' 'ആദിപുരുഷി'നെ ബഹുദൂരം പിന്നിലാക്കിയെങ്കിലും റിലീസ് ചെയ്ത ആദ്യ ദിവസത്തെ കണക്കുകൾ കാര്യങ്ങൾ മാറ്റിമറിക്കുകയായിരുന്നു. 'രാമായണം' 125 കോടി രൂപയോടെ തുടങ്ങിയപ്പോൾ, 'ആദിപുരുഷ്' ആദ്യ ദിവസം തന്നെ 140 കോടി രൂപ നേടി. അതായത്, ബജറ്റ് 6-8 മടങ്ങ് കൂടുതലായിരുന്നിട്ടും ആദ്യ ദിവസത്തെ പ്രകടനത്തിൽ 'ആദിപുരുഷ്' മുന്നിലെത്തി. ‘‘പണം മുടക്കിയതുകൊണ്ട് മാത്രം റെക്കോർഡുകൾ സൃഷ്ടിക്കാൻ കഴിയില്ല, ജനങ്ങളുടെ ഹൃദയം കൂടി കീഴടക്കേണ്ടതുണ്ട്" എന്നും സോഷ്യല്‍മീഡിയയില്‍‌ പ്രതികരണമുയര്‍ന്നു. 

4,000 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങിയ 'രാമായണം', ഈ വർഷത്തെ ഏറ്റവും വലിയ റിലീസായിരിക്കുമെന്ന് കരുതപ്പെടുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ഇതിൽ ആദ്യ ഭാഗം ദീപാവലിക്ക് മുന്നോടിയായി ലോകമെമ്പാടും റിലീസ് ചെയ്തുകഴിഞ്ഞു. രണ്ടാം ഭാഗം 2028-ലെ ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, രവി ദുബെ, യാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Ranbir Kapoor's Ramayana Faces Comparison With Prabhas's Adipurush:

Ranbir Kapoor Ramayana box office collection compared to Prabhas Adipurush sparks online debates among fans. Social media users are comparing the opening day figures and budgets of both massive mythological films