ranbir-kapoor-flying-car

എലോൺ മസ്കിന്റെ ഭാവിയിലെ ടെസ്‌ല റോഡ്‌സ്റ്റർ ആശയത്തെ രാമായണത്തിലെ പുഷ്പക വിമാനത്തോട് ഉപമിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.  ഇന്ത്യ 5,000 വർഷങ്ങൾക്ക് മുന്‍പ് തന്നെ ഇത് കണ്ടുപിടിച്ചു എന്നായിരുന്നു താരത്തിന്‍റെ പ്രസ്താവന.  നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയായിരുന്നു രണ്‍ബീറിന്‍റെ പരാമർശം.

'എലോൺ മസ്ക് അടുത്തിടെ ഒരു പറക്കും കാർ കണ്ടുപിടിച്ചു. ഇന്ത്യ 5,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് ചെയ്തതാണ്."  എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.സ്‌പേസ് എക്‌സ് റോക്കറ്റ് ശൈലിയിലുള്ള ത്രസ്റ്ററുകളോട് കൂടിയ ടെസ്‌ലയുടെ പുനർരൂപകൽപ്പന ചെയ്ത റോഡ്‌സ്റ്റർ സ്‌പോർട്‌സ് കാറിന്റെ 2026 ഒക്ടോബറിലെ പ്രദർശനത്തെക്കുറിച്ചാണ് രണ്‍ബീര്‍ സംസാരിച്ചത്. ഈ വാഹനം ചുരുങ്ങിയ സമയത്തേക്ക് വായുവിൽ ഉയർന്നുനിൽക്കാനും ചെറിയ ദൂരം പറക്കാനും പ്രാപ്തമാണെന്നാണ് മസ്ക് അവകാശപ്പെട്ടത്. വാഹനത്തിന്റെ ഉത്പാദനം 2028-ഓടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം രണ്‍ബീറിന്‍റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.  'വാട്സാപ്പ് യൂണിവേഴ്സിറ്റി അറിവ്' എന്നാണ് ചിലർ ഇതിനെ പരിഹസിച്ചത്. സിനിമ റിലീസിനോടനുബന്ധിച്ചുള്ള മാര്‍ക്കറ്റിങ് തന്ത്രമെന്ന് ചിലര്‍ പരിഹസിച്ചു. പറക്കുന്ന ടെസ്‌ല കാറിനടുത്ത് നിൽക്കുന്ന എലോൺ മസ്കിന്റെ ചിത്രങ്ങളും, രാവണൻ പുഷ്പക വിമാനത്തിൽ പോകുന്ന ചിത്രങ്ങളും ചേർത്തുവെച്ച് നിരവധി രസകരമായ മീമുകൾ സോഷ്യല്‍ മീഡിയയിലും തരംഗമായി.

അതേസമയം രണ്‍ബീറിനെ അനുകൂലിച്ചും നെറ്റിസണ്‍സ് രംഗത്തെത്തി. അദ്ദേഹം ശാസ്ത്രീയമായ തെളിവ് നിരത്തുകയല്ല ചെയ്തത്, മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരം അത്ഭുത വാഹനങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മുടെ പുരാതന സാഹിത്യത്തിന് കഴിഞ്ഞു എന്ന ഭാവനയെ ബഹുമാനിക്കുകയാണ് ചെയ്തതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

ENGLISH SUMMARY:

Bollywood actor Ranbir Kapoor faced severe social media backlash after comparing Elon Musk's upcoming flying Tesla Roadster to the mythological Pushpaka Vimana from the Ramayana. Speaking during a promotional interview for Nitish Tiwari's upcoming magnum opus Ramayana, Ranbir stated that India had already conceived and executed such flying vehicles 5,000 years ago. The statement triggered a wave of viral memes, with critics labeling it as "WhatsApp University knowledge" and a cheap marketing gimmick for his film. However, a section of netizens defended the actor, arguing that he was merely appreciating the ancient literary imagination of India rather than stating literal scientific facts.