വനിതാ ട്രെയിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്സൈസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് ഡയറക്ടര്‍ വി.എ.വിനോജിനെ പരിശീലനച്ചുമതലയില്‍ നിന്ന് മാറ്റി. വിനോജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എക്സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് വനിതാ ട്രെയിനികള്‍ പരാതി നല്‍കിയത്. വിനോജ് ഒരു ട്രെയിനിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് പരാതിയെന്നാണ് വിവരം. ഇക്കാര്യം സെല്‍ ഭാരവാഹികള്‍ എക്സൈസ് കമ്മിഷണറെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിനോജിനെ പരിശീലനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പേരില്‍ നിന്ന് വിവരം തേടും. അന്വേഷണത്തില്‍ വിനോജിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ വകുപ്പുതല നടപടിയടക്കം സ്വീകരിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ്.സാംബശിവ റാവു അറിയിച്ചു.