നാദാപുരത്ത് പതിനാലുകാരനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 65-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശിയായ മജീദാണ് പിടിയിലായത്. സംഭവത്തിൽ മജീദ് ഉൾപ്പെടെ ആറു പേർക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ രണ്ടാഴ്ച മുമ്പ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തുടർച്ചയായി സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് വീട്ടുകാർ കുട്ടിക്ക് കൗൺസിലിങ് നല്‍കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആറുപേര്‍ ചേർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. 

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വളയം സ്വദേശി മജീദിനെ ബുധനാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും നാദാപുരം പൊലീസ് അറിയിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കേസില്‍ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വരികയാണ്.

ENGLISH SUMMARY:

The Nadapuram police arrested a 65-year-old man, identified as Majeed from Valayam, for allegedly sexually assaulting a 14-year-old boy after taking him to various locations. A case has been registered under the POCSO Act against six individuals, including Majeed, following a formal complaint filed by the victim's parents. The incident came to light after the child underwent counseling due to his sudden reluctance to attend school regularly. Authorities confirmed that the remaining five suspects have been identified and efforts are underway to apprehend them while gathering scientific evidence.