അഭിരാമിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ പൊലീസിന്‍റെ സംശയ നിഴലില്‍ ഇടംപിടിച്ചയാളാണ് ആനന്ദ എന്ന പതിനെട്ടുകാരി. ആദ്യമൊക്കെ പൊലീസിനോട് കള്ളം പറഞ്ഞ് രക്ഷപെടാനായിരുന്നു ആനന്ദയുടെ ശ്രമം. ഒടുവില്‍ കൊലപാതകത്തിന്‍റെ ആസൂത്രണം മുതല്‍ കൊല നടന്നത് വരെയുള്ള കാര്യങ്ങളില്‍ അറിവുണ്ടായിരുന്നൂവെന്ന് പൊലീസ് കണ്ടെത്തിയതോടെ ഐ.ടി.ഐ വിദ്യാര്‍ഥിനി ജയിലിലായി.
ഒന്നാം പ്രതിയായ പതിനേഴുകാരന്‍റെ പെണ്‍സുഹൃത്ത് എന്ന നിലയിലാണ് തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ആനന്ദ കേസിലേക്ക് വരുന്നത്. കഴക്കൂട്ടത്ത് ഐ.ടി.ഐയില്‍ പഠിക്കുന്നതിനിടെയാണ് പതിനേഴുകാരനെ കാണുന്നതും പരിചയത്തിലാകുന്നതും. ഇതിനിടെ കൊല്ലപ്പെട്ട അഭിരാമും ആനന്ദയും ഇന്‍സ്റ്റഗ്രാം വഴി പരിചയക്കാരായിരുന്നു. അഭിരാം ചില സന്ദേശങ്ങള്‍ ആനന്ദയ്ക്ക് അയച്ചിട്ടുണ്ട്. ആനന്ദയുമായി അടുപ്പത്തിലാവുകയായിരുന്നു അഭിരാമിന്‍റെ ലക്ഷ്യം. ഇക്കാര്യം ആനന്ദ ഒന്നാം പ്രതിയായ പതിനേഴുകാരനോട് പറഞ്ഞിട്ടുമുണ്ട്.
അഭിരാമിന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി ആക്രമിക്കാന്‍ വഴിയാലോചിച്ചിരുന്ന ഒന്നാം പ്രതി, അഭിരാമിനെ അതിന് ആയുധമാക്കാന്‍ തീരുമാനിച്ചത് തന്നെ ആനന്ദയുമായുള്ള അഭിരാമിന്‍റെ അടുപ്പം കണ്ടാണ്. ആനന്ദയും അഭിരാമിനെ കെണിയില്‍ വീഴ്ത്താന്‍ തയാറായി. അങ്ങിനെ ശനിയാഴ്ച രാവിലെ മണക്കാടെത്തിയ ഒന്നാം പ്രതിക്ക് ആനന്ദ തന്‍റെ മൊബൈല്‍ ഫോണ്‍ കൈമാറി. ആനന്ദയുടെ അടുത്ത് വെച്ച് തന്നെ പ്രതി അഭിരാമിന് ആദ്യ സന്ദേശം അയച്ചു.
താനാണെന്ന് തെറ്റിദ്ധരിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആനന്ദ ഒന്നാം പ്രതിക്ക് പറഞ്ഞുകൊടുത്തു. ചാറ്റ് ചെയ്ത് വിളിച്ചുവരുത്തി ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് അതിന് മുന്‍പ് തന്നെ പ്രതി ആനന്ദയോട് പറഞ്ഞിരുന്നു. കാപ്പാ കേസ് പ്രതിയായ ഉമര്‍ കൂടെ ആക്രമിക്കാന്‍ ഒപ്പമുണ്ടെന്ന കാര്യവും ഈ പതിനെട്ടുകാരിക്ക് അറിയാമായിരുന്നൂവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് അഭിരാമിനെ കാണാനില്ലെന്ന പരാതി ശ്രീകാര്യം പൊലീസില്‍ ലഭിക്കുന്നത്. അഭിരാമിന്‍റെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ആനന്ദയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ആനന്ദയെ കാണാന്‍ പോകുന്നതായി പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. അതുകൊണ്ട് ഞായറാഴ്ച അര്‍ധരാത്രി തന്നെ പൊലീസ് ആനന്ദയെ തേടിയെത്തി. എന്നാല്‍ താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. ചാറ്റ് ചെയ്തിട്ടില്ലെന്നും ഉറപ്പിച്ച് പറഞ്ഞു. ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിന് മെസേജ് വന്നിട്ടുണ്ടല്ലോയെന്ന് പൊലീസ് തിരിച്ച് ചോദിച്ചു. രണ്ട് ദിവസമായിട്ട് തന്‍റെ മൊബൈല്‍ കാണാനില്ലെന്നായിരുന്നു മറുപടി. എന്നിട്ട് എന്താ പരാതി കൊടുക്കാത്തതെന്ന് ചോദിച്ചപ്പോള്‍ ഒരു സുഹൃത്ത് വീട്ടില്‍ വന്ന് പോയതുമുതലാണ് ഫോണ്‍ കാണാതായത് അവന്‍ എടുത്തിട്ടുണ്ടാകുമെന്ന് കരുതിയെന്ന് അടുത്ത മറുപടി. ആരാണ് ആ സുഹൃത്തെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ഒന്നാം പ്രതിയായ പതിനേഴുകാരന്‍റെ പേര്.
ആനന്ദ കള്ളം പറഞ്ഞതാണങ്കിലും, നുണകള്‍ക്ക് ഒടുവില്‍ പതിനേഴുകാരനെ പൊലീസിന് മനസിലാക്കാന്‍ ആ കള്ളം സഹായിച്ചു. അതിന് പിന്നാലെ പതിനേഴുകാരനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഒടുവില്‍ ആനന്ദ പറഞ്ഞതെല്ലാം നുണയെന്നും എല്ലാകാര്യങ്ങളും നടന്നത് ആനന്ദ അറിഞ്ഞിട്ടാണെന്നും പൊലീസ് ഉറപ്പിച്ചു. ആനന്ദ അങ്ങിനെ അട്ടക്കുളങ്ങര വനിത ജയിലിലുമായി.