ശ്രീകാര്യത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥിയായ അഭിരാമിനെ കൊലപ്പെടുത്തിയ മൂന്ന് പ്രതികളില്‍ ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണ്. പതിനേഴുകാരന്‍. അതുകൊണ്ട് തന്നെ രണ്ട് പ്രതികളെ ജയിലിലേക്ക് മാറ്റിയപ്പോള്‍ ഒന്നാം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പൂജപ്പുരയിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുകയാണ് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഒബ്സര്‍വേഷന്‍ ഹോമിലെത്തിയ പ്രതി കൂസലില്ലാതെയാണ് പെരുമാറിയത്. ഹോമിലുള്ള പലരും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറഞ്ഞില്ല. എന്നാല്‍ രാത്രിയും രാവിലെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ എതിര്‍പ്പ് കാണിക്കാതെ വന്ന് കഴിച്ചു.ആരെയും കൂസാതെയുള്ള പെരുമാറ്റം തുടരുന്നതിനാല്‍ ഉടന്‍ തന്നെ കൗണ്‍സിലിങ് തുടങ്ങാനാണ് തീരുമാനം
ഒബ്സര്‍വേഷന്‍ ഹോമില്‍ നിലവില്‍ അഞ്ച് പ്രതികളാണ് കഴിയുന്നത്. ശ്രീകാര്യം പ്രതിയെ ഒറ്റക്ക് ഒരു മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഹോമില്‍ ഉള്ളതില്‍ കൊലപാതക കുറ്റമുള്ള ഏകയാളും ശ്രീകാര്യം കേസിലെ പതിനേഴുകാരനാണ്. അതിനാലാണ് ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റിയത്.
ജയിലിന് സമാനമാണ് ഒബ്സര്‍വേഷന്‍ ഹോമിലെയും ജീവിതം. മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ അധികം അവസരമില്ല. ഭക്ഷണം കഴിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമാണ് പുറത്തേക്ക് ഇറക്കുന്നത്. സന്ദര്‍ശകരെയും പ്രത്യേക അനുമതിയോടെ മാത്രമേ അനുവദിക്കൂ. ഏക വ്യത്യാസം എല്ലാ ദിവസവും കുറച്ച് സമയം ടി.വി കാണാന്‍ അനുവദിക്കുമെന്നതാണ്. കുട്ടികളെ കുറ്റകൃത്യത്തിന്‍റെ ലോകത്ത് നിന്ന് മാറ്റിയെടുക്കുകയാണ് ഒബ്സര്‍വേഷന്‍ ഹോമിന്‍റെ ലക്ഷ്യം. ആ മാറ്റത്തില്‍ അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ടി.വി കാണാന്‍ അനുവദിക്കുന്നതെന്നാണ് വിശദീകരിക്കുന്നത്.
ശ്രീകാര്യം കേസിലെ ഒന്നാം പ്രതിയെ പത്താം തീയതിവരെയാണ് ഇപ്പോള്‍ ഹോമിലേക്ക് മാറ്റിയിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് വിനോദ് ബാബു തുടര്‍നടപടി തീരുമാനിക്കും...