കേരളത്തെയാകെ നടുക്കിയ വാര്‍ത്തയായിരുന്നു തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാമിന്‍റെ കൊലപാതകം. പ്ലസ് വണ്ണില്‍ പഠിക്കുന്ന 17കാരനെ വിളിച്ചുവരുത്തി കൊന്നത് 17 കാരനും 22കാരനും ആയിരുന്നു. ഇവരുടെ കാമുകിമാരായ രണ്ട് പെണ്‍കുട്ടികളും കേസില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ മരണത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് അഭിരാമുമായി നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ചോര്‍ത്ത് പൊട്ടിക്കരയുകയാണ് അഭിരാമിന്‍റെ അച്ഛന്‍ മധുകുമാര്‍. 

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അഭിരാം വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് വിളിച്ചപ്പോള്‍ ഓടുന്നത് പോലെയും കിതയ്ക്കുന്നത് പോലെയും തോന്നിയെന്ന് മധുകുമാര്‍ പറയുന്നു. പത്ത് മിനിറ്റുകൊണ്ട് എത്തുമെന്നായിരുന്നു അഭിരാം അച്ഛനോട് പറഞ്ഞത്. എന്നാല്‍ എട്ടരയോടെ മധുകുമാര്‍ വീട്ടിലെത്തിയപ്പോഴും അഭിരാം വീടെത്തിയിരുന്നില്ല. 

ഫോണില്‍ 20 തവണ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കേസില്‍ ഒന്നാംപ്രതിയെന്ന് ചേര്‍ത്ത 17കാരന്‍ കൊലപാതകം നടത്താന്‍ സാധ്യതയില്ലെന്നും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷ കുറച്ചുകിട്ടാന്‍ വേണ്ടി കുറ്റം ഏറ്റെടുത്തതാകുമെന്നും മധുകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

അഭിരാമിന്‍റെ അമ്മയും സഹോദരിയും വിദേശത്താണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍ താമസിക്കുന്ന വാടകവീട്ടില്‍ അച്ഛനും അമ്മൂമ്മയും മാത്രമാണുള്ളത്. സഹോദരി വിദേശത്ത് നിന്ന് ഇന്നെത്തു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ശരീരം ഇന്ന് ഒന്‍പതോടെ വീടെത്തിക്കും. ഇതിനിടെ അഭിരാമിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ശാരീരികാസ്വാസ്ഥ്യമുണ്ടായ അമ്മ ധര്‍മജയെ ആശുപത്രിയിലെത്തിച്ചിരുന്നു. 

ഇതിനിടെ അഭിരാം കൊലപാതകം അന്വേഷിക്കാന്‍ SIT രൂപീകരിച്ചു. കേസിന്റെ തുടരന്വേഷണത്തിന് പതിനാറംഗ ടീമിനെ രൂപീകരിച്ചെന്ന് കമ്മീഷണര്‍ അറിയിച്ചു. രണ്ട് പെണ്‍കുട്ടികളടക്കം നാല് കൗമാരക്കാരാണ് കേസില്‍ ഇതുവരെ പിടിയിലായത്. അരുംകൊലക്ക് കാരണമായത് വിദ്യാര്‍ഥികള്‍ക്ക് ഇടയിലെ പ്രണയത്തര്‍ക്കമാണ്. പ്രതികള്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് അഭിരാമിന്‍റെ സുഹൃത്തിനെയെന്നും കണ്ടെത്തല്‍. കഴുത്തിനേറ്റ ക്ഷതമാണ് അഭിരാമി‍ന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Abhiram murder case details reveal a tragic conspiracy in Sreekaryam as police form an SIT to investigate the youth's untimely death. Madhukumar shares the heartbreaking final phone call moments before his son was killed over a love dispute.