പതിനേഴാം വയസില്‍ പതിനേഴുകാരന്റെ കൈകൊണ്ട് കൊല്ലപ്പെട്ട മകനെയോര്‍ത്തുള്ള വിലാപമാണ് കേട്ടത്. കുട്ടിത്തം എന്ന വാക്കിന് നിഷ്കളങ്കതയുടെയും കൗതുകത്തിൻറെയും സ്നേഹത്തിൻറെയും സ്പർശമുണ്ട്. എന്നാൽ കുറ്റകൃത്യങ്ങളുടെ ലോകത്ത് കുട്ടിത്തത്തിന് എന്താണ് പ്രസക്തി? തിരുവനന്തപുരത്ത് അഭിരാം എന്ന പതിനേഴുകാരൻറെ ജീവനെടുത്തത് മറ്റൊരു കൗമാരക്കാരനാണെന്ന കണ്ടെത്തൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു പ്രണയബന്ധത്തിലെ തർക്കം കൊലപാതകത്തിലേക്ക് വളർന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകം മാത്രമല്ല, അതിനുവേണ്ടിയുള്ള ആസൂത്രണവും ഇരയെ കെണിയിൽപ്പെടുത്തലും മൃതദേഹം ഒളിപ്പിക്കലുമൊക്കെ അമ്പരപ്പിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഹരിപ്പാട്ട് മുത്തച്ഛൻറെ കൊലപാതകത്തിൽ പതിമൂന്നുകാരി ഉൾപ്പെടെയുള്ള കുട്ടികൾ പ്രതിസ്ഥാനത്തെത്തി.
വയനാട്ടിൽ പതിനേഴുകാരൻ വയോധികയുടെ കൊലപാതകക്കേസിൽ പിടിയിലായി. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ തല്ലിച്ചതക്കുന്ന അതിക്രൂര ദൃശ്യങ്ങൾ വേറെ. എന്താണ് നമ്മുടെ കുട്ടികളുടെ മനോവ്യാപരങ്ങൾ? സ്നേഹവും സൗഹൃദവും പ്രണയവും പ്രതികാരവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുകയാണോ? സോഷ്യൽ മീഡിയയും അക്രമസംസ്കാരവും കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടോ?
കുടുംബത്തിനും വിദ്യാലയത്തിനും സമൂഹത്തിനും ഇതിൽ ഉത്തരവാദിത്തമില്ലേ? കുറ്റം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ അതിനേക്കാൾ പ്രധാനമാണ്, കുറ്റവാളികളായി കുട്ടികൾ വളരുന്ന സാഹചര്യം തിരിച്ചറിയുകയും തടയുകയും ചെയ്യുക എന്നത്. കുട്ടിക്കുറ്റവാളികൾ കൂടുന്നുവോ? കുറ്റകൃത്യത്തിൽ കുട്ടിത്തമെന്ത്?