എഐ പ്രതീകാത്മക ചിത്രം
സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി. കൊല്ലപ്പെട്ടയാൾ രാത്രി സ്വപ്നത്തിൽ വന്ന് ഭയപ്പെടുത്താൻ തുടങ്ങിയതോടെയാണ് 20 ദിവസത്തിന് ശേഷം പൊലീസിൽ കീഴടങ്ങിയതെന്ന് പ്രതി. ഒക്ടോബർ 9-ന് മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലുള്ള മോഥാഗാവ് പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിശാൽ കദം, പ്രഭു കർക്കഡെ എന്നിവർ അടുത്ത സുഹൃത്തുക്കളായിരുന്നു. രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഇവർക്കിടയിൽ ചെറിയൊരു തർക്കമുണ്ടായി. വാക്കേറ്റത്തിനിടയില്‍ പ്രഭു വിശാലിനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതിനെ തുടർന്ന് വിശാൽ കൊല്ലപ്പെടുകയായിരുന്നു. പരിഭ്രാന്തനായ പ്രഭു, സഹായത്തിനായി തന്റെ വീട്ടുടമസ്ഥനെ സമീപിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വിശാലിന്റെ മൃതദേഹം ചാക്കിലാക്കി രാത്രിയിൽ ഉൾപ്രദേശത്തുള്ള അരുവിക്കരയിൽ തള്ളുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രഭുവിനെ ഭയപ്പെടുത്തിക്കൊണ്ട് സുഹൃത്ത് സ്വപ്നങ്ങളില്‍ വരാൻ തുടങ്ങി. കൊലപാതകം നടന്ന് 20 രാത്രികളിലും പ്രഭുവിന് ഉറങ്ങാൻ സാധിച്ചില്ല. മരിച്ച സുഹൃത്ത് സ്വപ്നത്തിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സുഹൃത്തിന്റെ ദൃശ്യങ്ങൾ കണ്ട് കടുത്ത മാനസിക വിഷമത്തിലായ പ്രഭു, ഒടുവിൽ പശ്ചാത്താപത്തോടെ താനെ പൊലീസിനു മുന്നിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതകത്തിലും തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനും പ്രഭുവിനെയും വീട്ടുടമസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കല്യാൺ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ചും വീട്ടുടമസ്ഥന്റെ പങ്കിനെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.