ബെംഗളൂരു നഗരമധ്യത്തിലെ  ഇന്ദിരാനഗറിൽ പട്ടാപ്പകല്‍ സിനിമാ സീനുകളെ വെല്ലുന്ന കവർച്ചാശ്രമം. കടയിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി 4.5 ലക്ഷം രൂപ വിലവരുന്ന സ്വർണമാല കവർന്ന പ്രതിയെ ട്രാഫിക് പൊലീസും പൊതുജനങ്ങളും ചേർന്ന് സാഹസികമായി പിടികൂടി. പ്രഭുരാജ് (40) എന്നയാളാണ് ഇന്ദിരാനഗർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

ഒക്ടോബർ 31-ന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള 'പ്രീമിയം ഷൂ ആൻഡ് ബാഗ് റിപ്പയർ' സ്ഥാപനത്തിലാണ് നടുക്കിയ സംഭവം അരങ്ങേറിയത്.

ഹെൽമറ്റും കൈയുറകളും ധരിച്ചെത്തിയ പ്രതി, കടയിലെ റിസപ്ഷനിസ്റ്റായ ജയശ്രീ (23) എന്ന യുവതിയെ കത്തികാട്ടി വധഭീഷണി മുഴക്കുകയായിരുന്നു. യുവതി ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ഇയാള്‍ ഇവരുടെ കൈകളിൽ 'ഫെവിക്വിക്' ഒഴുക്കി മേശപ്പുറത്ത് ഒട്ടിച്ചു വെച്ചു. തുടർന്ന് യുവതിയുടെ കഴുത്തിലുണ്ടായിരുന്ന 4.5 ലക്ഷം രൂപ വിലമതിക്കുന്ന താലി പൊട്ടിച്ചെടുക്കുകയായിരുന്നു.

അതിനിടെ മേശയിൽ നിന്നും കൈകൾ വേർപെടുത്തി യുവതി പുറത്തേക്ക് ഓടുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന കടയുടമ രഞ്ജിത്തും നാട്ടുകാരും ഓടിയെത്തി. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി ജയശ്രീയുടെ മുടിയിൽ പിടിച്ച് വലിച്ച് കഴുത്തിൽ കത്തിവെച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച കടയുടമയെ ഇയാൾ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു.

തുടർന്ന് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അവിടെയുണ്ടായിരുന്ന ട്രാഫിക് പൊലീസും ചേർന്ന് പിന്തുടർന്ന് കീഴടക്കുകയായിരുന്നു.

പ്രതി കടുത്ത വിഷാദരോഗത്തിനും മാനസിക അസ്വാസ്ഥ്യങ്ങൾക്കും അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി  പൊലീസ്  അറിയിച്ചു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായ പരുക്കുകളില്ല. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 309(6) പ്രകാരം കേസെടുത്ത് ഇന്ദിരാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Bangalore robbery news highlights a daring daylight gold chain snatching attempt in Indiranagar where a brave woman and local citizens thwarted the criminal. The accused was successfully apprehended by the public and traffic police after a dramatic chase.