തിരുവനന്തപുര ശ്രീകാര്യം കൊലപാതക കേസിൽ അഭിരാം വീട്ടിൽ നിന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.46നാണ് അഭിരാം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് നടന്ന് പോകുന്ന അഭിരാമിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് രാവിലെ അഭിരാമിന്റെ മൃതദേഹം വീട്ടിലെത്തിക്കും. 11 മണിയോടെ സംസ്കാരം നടത്താനാണ് തീരുമാനം. Also Read: ‘പത്ത് മിനിറ്റ് അച്ഛാ’; വിളിച്ചപ്പോള്‍ മോന് കിതച്ച് പറഞ്ഞു; അവനെ ഒന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍
പെൺസുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ വിളിച്ചതിനെ തുടർന്നാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം, അഭിരാമിന്റെ കൊലപാതകത്തിന് പിന്നിൽ മൂന്ന് പ്രതികളും ചേർന്നുള്ള ആസൂത്രിത ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം ആസൂത്രണം ചെയ്ത ആദ്യഘട്ടം മുതൽ ഒന്നാം പ്രതിയുടെ പെൺസുഹൃത്തും പങ്കാളിയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അഭിരാമിനെ ചാറ്റിലൂടെ പരിചയപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താമെന്ന ആശയം മുന്നോട്ടുവച്ചത് ഒന്നാം പ്രതിയായ 17-കാരനാണ്. പെൺസുഹൃത്തും ഈ നീക്കത്തെ പിന്തുണച്ചു. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്റെ സാന്നിധ്യത്തിലാണ് അഭിരാമിന് ആദ്യ സന്ദേശം അയച്ചത്. പെൺകുട്ടിയെന്ന വ്യാജേന എങ്ങനെ ചാറ്റ് ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും പെൺസുഹൃത്ത് നൽകിയെന്നാണ് പോലീസ് കണ്ടെത്തൽ.
പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയുടെ പ്രായം രക്ഷപ്പെടാനുള്ള ആയുധമാക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത് രണ്ടാം പ്രതിയായ ഉമറാണെന്നാണ് പോലീസ് പറയുന്നത്. കുറ്റം ചെയ്തത് 17-കാരൻ ഒറ്റയ്ക്കാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ ജയിലിൽ കഴിയേണ്ടിവരില്ലെന്നും ശിക്ഷ കുറവായിരിക്കുമെന്നും ഉമർ മറ്റുള്ളവരെ ഉപദേശിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഭിരാമിനെ വ്യാജ ഓൺലൈൻ ചാറ്റിലൂടെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളുടെ ആസൂത്രണവും പങ്കും സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.