updates-on-abhiram-murder-case

തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കൃത്യമായി ആസൂത്രണവും ഗൂഢാലോചനയും നടത്തിയതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ (23), 18-കാരനായ മറ്റൊരാളും ഒന്നാം പ്രതിയുടെ പെൺസുഹൃത്തും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ് അഭിരാമിനെ വീട്ടിൽ നിന്നും വിളിച്ചിറക്കാനുള്ള ആദ്യ സന്ദേശം അയച്ചത്. കൊലപാതകം നടത്തിയാൽ പിടിക്കപ്പെട്ടാൽ പൊലീസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ആയുധമാക്കാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അവിചാരിതമായി ഉണ്ടായ തർക്കമോ ഏറ്റുമുട്ടലോ അല്ല, മറിച്ച് ക്രിമിനൽ ബുദ്ധിയോടെ നടപ്പാക്കിയ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് അഭിരാമിനെ നിശ്ചിത സ്ഥലത്തേക്ക് എത്തിക്കാനുള്ള ആശയം 17-കാരനായ ഒന്നാം പ്രതിയുടേതായിരുന്നു. പെൺ സുഹൃത്തും ഇതിനെ പിന്തുണച്ചു. ഒരു പെൺകുട്ടി എങ്ങനെ സംസാരിക്കും, എങ്ങനെ പ്രതികരിക്കും എന്ന രീതിയിൽ സന്ദേശമയക്കാൻ പ്രതിയെ പഠിപ്പിച്ചത് പെൺസുഹൃത്തായിരുന്നു. കൊലപാതകം ചെയ്താൽ പ്രായപൂർത്തിയാകാത്തതിനാലും  നിയമത്തിന്‍റെ ആനുകൂല്യം ഉള്ളതിനാലും ജയിൽ ശിക്ഷയിൽ നിന്ന് പെട്ടെന്ന് ഊരിപ്പോരാൻ കഴിയുമെന്ന് രണ്ടാം പ്രതി ഉമറാണ് ഉപദേശിച്ചത്. പ്രായപൂർത്തിയാകാത്തത് കൊണ്ട് ജയിലിൽ കിടക്കേണ്ടി വരില്ലെന്നും ശിക്ഷ കുറച്ചു മാത്രമേ ലഭിക്കയുള്ളൂ എന്നുമാണ് ഉമർ ഉപദേശിച്ചത്. പിടിക്കപ്പെട്ടാല്‍ ഒന്നാം പ്രതി ഒറ്റയ്ക്കാണ് കൊല ചെയ്തതെന്ന് പൊലീസിനോട് പറയാനും സംഘം തീരുമാനിച്ചിരുന്നു.

ALSO READ: അഭിരാം വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച ഉച്ചയ്ക്ക് 2.46ന്; സിസിടിവി ദൃശ്യം പുറത്ത്; ആദ്യ സന്ദേശം മുതൽ...

പെൺസുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ വിളിച്ചതിനെ തുടർന്നാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയതെന്നാണ് കണ്ടെത്തൽ. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറക്കെ നിലവിളിച്ചാല്‍ പോലും പുറത്തുകേള്‍ക്കാത്ത കാട്ടിലേക്കാണ് അഭിരാം എത്തിയത്. ഇവിടെയെത്തിയപ്പോളാണ് വിളിച്ചത് പെണ്‍കുട്ടിയല്ലെന്നും പ്രതികളാണെന്നും അഭിരാം തിരിച്ചറിഞ്ഞത്. സുഹൃത്തിന് വിളിച്ചുവരുത്താന്‍ പ്രതികള്‍ അഭിരാമിനോട് ആവശ്യപ്പെട്ടു. അഭിരാം വിളിച്ചെങ്കിലും സുഹൃത്ത് വരാന്‍ കൂട്ടാക്കിയില്ല. പിന്നാലെ അഭിരാമിനെ ആക്രമിച്ചു.

ALSO READ:‘പത്ത് മിനിറ്റ് അച്ഛാ’; വിളിച്ചപ്പോള്‍ മോന്‍ കിതച്ച് പറഞ്ഞു; അവനെ ഒന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍; ...

ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനായി വായില്‍ തുണിതിരുകിയ ശേഷം ബെല്‍റ്റിട്ട് കഴുത്തില്‍ മുറുക്കി. തലയിലും കഴുത്തിലുമെല്ലാം അടിച്ച് മരണം ഉറപ്പിച്ചു. കഴുത്തിനേറ്റ ക്ഷതമാണ് അഭിരാമി‍ന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് പ്രതികളില്‍ പതിനേഴുകാരനെ ജുവനൈല്‍ ഹോമിലും മറ്റ് രണ്ട് പേരെ ജയിലിലേക്കും മാറ്റി.

ENGLISH SUMMARY:

Investigators have uncovered a meticulously planned conspiracy behind the murder of Abhiram in Sreekaryam, Thiruvananthapuram. The plot was masterminded by the juvenile prime minister, his female friend, and co-accused Umar, who weaponized the minor's age to evade severe punishment. Luring the victim using the female friend's mobile phone, the accused isolated him in a secluded area before executing the fatal assault. Police have remanded the suspects following post-mortem confirmation that Abhiram died from severe neck compression and blunt force trauma.