• എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റണമെന്ന് കര്‍ശനനിലപാടെടുത്ത് മന്ത്രി എം.ലിജു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ലിജു തുറന്നുപറഞ്ഞു.

എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റണമെന്ന് കര്‍ശനനിലപാടെടുത്ത് മന്ത്രി എം.ലിജു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ലിജു തുറന്നുപറഞ്ഞു. മന്ത്രിയുമായും സര്‍ക്കാരുമായും ഒരുതരത്തിലുള്ള ആശയവിനിമയവും നടത്താതെ എക്സൈസ് കമ്മിഷണര്‍ രഹസ്യമായി നീക്കങ്ങള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്നാണ് ലിജുവിന്‍റെ ആരോപണം.  Also Read: സൗന്ദര്യം കൂടുംതോറും വില കൂടുന്ന ‘വധുവില്‍പ്പന’! പെണ്‍കുട്ടികളെ വിലപേശി വാങ്ങുന്ന ഹൈദരാബാദ് കല്യാണം

എക്സൈസ് കമ്മിഷണറുടെ പല തീരുമാനങ്ങളും ദുരൂഹമാണെന്ന് മന്ത്രി പറയുന്നു. വകുപ്പിനെ പൊതുജനമധ്യത്തില്‍ താറടിക്കാന്‍ വഴിവയ്ക്കുന്നതാണ് ഇതില്‍ പലതും. ബാര്‍ ലൈസന്‍സ് അനുമതിയുടെ മറവില്‍ സാമ്പത്തിക ഇടപാട് നടന്നതായി സംശയമുണ്ട്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തിടുക്കം കാട്ടി. എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍മാരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടിലും ദുരൂഹതയുണ്ട്. ഈ സാഹചര്യത്തില്‍ എക്സൈസ് കമ്മിഷണറുമായി യോജിച്ച് നീങ്ങാന്‍ പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കും.’ ലിജു വ്യക്തമാക്കി.

എന്നാല്‍ മന്ത്രിയുടെ ആരോപണങ്ങള്‍ മുഴുവന്‍ എക്സൈസ് കമ്മിഷണര്‍ തള്ളി. ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് സാംബശിവ റാവുവിന്‍റെ നിലപാട്. എക്സൈസ് കമ്മിഷണറെന്ന നിലയില്‍ ഇതുവരെ നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് റാവു മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

‘സര്‍ക്കാരിന്‍റെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. മന്ത്രിയുടെ ഓഫിസ് പലപ്പോഴും അകാരണമായി സമ്മര്‍ദത്തിലാക്കുന്നു. മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യവുമുണ്ട്. ഇതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്.’ കഴിഞ്ഞ നാല് മാസത്തിനിടെ ചെയ്ത കാര്യങ്ങളുടെ രേഖകള്‍ കൈമാറാമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എക്സൈസ് കമ്മിഷണര്‍ തുറന്നടിച്ചു.

സര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ തുടങ്ങിയതാണ് എക്സൈസ് മന്ത്രിയും കമ്മിഷണറും തമ്മിലുള്ള ഏറ്റുമുട്ടല്‍. പലപ്പോഴും മന്ത്രി പരസ്യമായി എക്സൈസ് കമ്മിഷണര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. കമ്മിഷണറും മന്ത്രിയുടെ വാദങ്ങള്‍ നിരാകരിച്ച് രംഗത്തെത്തി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തില്‍ സാംബശിവ റാവുവിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പോര് പുതിയ തലത്തിലേക്ക് കടന്നത്. 

ENGLISH SUMMARY:

Kerala Excise Minister M. Liju has demanded the removal of Excise Commissioner Sambasiva Rao, accusing him of making decisions without consulting the government and raising concerns over alleged irregularities in bar licence approvals. The commissioner has strongly rejected the allegations, insisting that he acted legally and in accordance with the government's liquor policy. He has also accused the minister's office of exerting unnecessary pressure and offered to cooperate with any investigation. The ongoing confrontation has intensified, with the minister planning to take the issue to the Chief Minister.