പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെതിരെ കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. ഹർജിയിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കണമെന്ന് നിർദേശിച്ചു. ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. സർവകലാശാലയുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. Also Read: കൊലയ്ക്ക് കാരണം കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങളോ?; അഭിരാം കൊലപാതകത്തില് വീണ്ടും ട്വിസ്റ്റ്
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികൾ നൽകിയ ഹർജി ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. വിദ്യാർഥികളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല സമർപ്പിച്ച തടസഹർജിയും കോടതിയുടെ പരിഗണനയ്ക്കെത്തി.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃസ്ഥാപിക്കണമെന്നുമായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം. ആവശ്യമെങ്കിൽ പ്രത്യേക പരീക്ഷ നടത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജി ഇന്നലെ സുപ്രീംകോടതിയിൽ പരാമർശിച്ചിരുന്നെങ്കിലും വിശദമായ പരിഗണനയ്ക്കായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ വിദ്യാർഥികൾക്ക് ഇന്നലെ നടന്ന പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. കേസ് പരിഗണിക്കുമ്പോൾ, ഹർജി പരിശോധിച്ച ശേഷം അർഹതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ പ്രത്യേക പരീക്ഷ നടത്താൻ നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്നും സസ്പെൻഷൻ കാരണമാണ് ഹാജർ കുറഞ്ഞതെന്നുമാണ് വിദ്യാർഥികളുടെ വാദം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തുടർനടപടികളിലാണ് ഇനി വിദ്യാർഥികളുടെ പ്രതീക്ഷ.