അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങി. ഫെനി നൈനാൻ ഉൾപ്പെടെയുള്ള പ്രതികളും മുൻകൂർ ജാമ്യാപേക്ഷ നൽകും. കടുത്ത നടപടി ആവശ്യപ്പെട്ട് സിപിഎം അടുത്ത തിങ്കൾ മുതൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും.
ഇന്നലെയാണ് ശ്രീനാദേവി കുഞ്ഞമ്മയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും കേസിൽ പ്രതിചേർത്തത്. അതിക്രമിച്ചു കയറൽ വകുപ്പും ചേർത്തിരുന്നു. കേസെടുത്തതോടെ പുതിയ പ്രതികളുടെ എല്ലാം ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ശ്രീനാദേവി കുഞ്ഞമ്മ ജനപ്രതിനിധിയായതിനാൽ നോട്ടിസ് നൽകിയശേഷം മാത്രമായിരിക്കും അറസ്റ്റ്. മറ്റു പ്രതികൾ ഒളിവിൽ പോയി. അറസ്റ്റ് വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ സിപിഎം അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും. സിപിഎം സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാ ദേവി കുഞ്ഞമ്മയെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു എന്ന പരാതിയിലാണ് ജൂലൈ 21ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. അവിടേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് എത്തിയതും ആക്രമിക്കാൻ ശ്രമിച്ചതും. ലോക്കപ്പിലെത്തി ശ്രീനാദേവി രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീലം പറയുന്ന രാജൻ ജോസഫിനെ സിപിഎം പിന്തുണയ്ക്കുന്നത് നാണക്കേടാണ് എന്ന് എതിർപക്ഷം പറയുന്നു. അതേസമയം സമയം ശ്രീനാദേവിയാണ് വിഷയം വഷളാക്കിയതെന്നും സർക്കാരിന് പോലും ഉപദ്രവമാകുന്ന രീതിയിൽ അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നു എന്നുമാണ് കോൺഗ്രസിനുള്ളിലെ വിമർശനം.